സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഷോൺ ജോർജ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് പ്രത്യേക അനുമതി വേണമായിരിക്കും, എന്നാൽ ബി.ജെ.പിക്ക് അത്തരം അനുമതികളുടെ യാതൊരു ആവശ്യവുമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശമായ ദേശീയ ഗീതത്തെപ്പോലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തരംതാഴ്ത്താനാണ് ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി.
ബിജെപിക്ക് വന്ദേമാതരം പാടാൻ ആരുടെയും അനുമതി ആവശ്യമില്ല എന്ന് വ്യക്തമാക്കിയ ഷോൺ ജോർജ് നാളെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലെ പതിനയ്യായിരം കേന്ദ്രങ്ങളിൽ പതാക ഉയർത്തി, വന്ദേമാതരം പൂർണ്ണമായും ആലപിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും അറിയിച്ചു. ദേശീയ ചിഹ്നങ്ങളെയും ദേശീയ ഗീതങ്ങളെയും ബഹുമാനിക്കേണ്ടത് ഓരോ ഭാരതീയന്റെയും മൗലിക കടമയാണെന്നും അതിൽ രാഷ്ട്രീയപരമായ വിട്ടുവീഴ്ചകൾക്ക് ബി.ജെ.പി തയ്യാറല്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. വന്ദേമാതരം ആലപിക്കുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തിന്റെ പൈതൃകവും സ്വാതന്ത്ര്യസമര മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പാർട്ടി എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്നും വ്യക്തമാക്കി.







