ന്യൂഡൽഹി: ബക്രീദ് ദിനത്തിൽ വിൽപ്പനയ്ക്കായി ആടുകളെ മോഷ്ടിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഡൽഹിയിലെ ശാസ്ത്രിനഗർ പാർക്കിലാണ് സംഭവം. പ്രദേശവാസികളായ മൂന്ന് പേർക്കെതിരെയാണ് സംഭവത്തിൽ പോലീസ് കേസ് എടുത്തത്.
കർഷകനായ തസ്ലീം അഹമ്മദിന്റെ പരാതിയിലാണ് നടപടി. മേയാൻ വിട്ടതിന് ശേഷം ആടുകളെ ഗ്യാസ് ഗോഡൗണിന് സമീപത്തെ റോഡിൽ കെട്ടിയിട്ട് ചായകുടിക്കാൻ പോയതായിരുന്നു തസ്ലീം. ഇത് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ആടുകളെ മൂന്ന് പേർ ചേർന്ന് കൊണ്ടുപോകുന്നത് ആയിരുന്നു ഇയാൾ കണ്ടത്. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉടനെ സംഘം കാറിൽ ആടുകളുമായി പോകുകയായിരുന്നു. ഇതോടെ തസ്ലീം പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി.
പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 379, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.










