ന്യൂഡൽഹി : ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അവലോകനം ചെയ്ത് മന്ത്രാലയത്തിന് മുന്നിൽ അവതരിപ്പിക്കാൻ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ആവശ്യപ്പെട്ടു. മിഷൻ വാത്സല്യ പ്രകാരം എല്ലാ ജില്ലയിലും ശിശുക്ഷേമ സമിതികൾ രൂപീകരിക്കുന്നതിനും അവയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും നൽകും എന്നും സ്മൃതി ഇറാനി പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 27, ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ശിശുക്ഷേമ സമിതിയെങ്കിലും സ്ഥാപിക്കുന്നത് നിർബന്ധമാക്കുന്നുണ്ട് . അവർക്ക് അടിസ്ഥാന ആവശ്യങ്ങളും മനുഷ്യാവകാശ സംരക്ഷണവും നൽകുകയും ചെയ്യേണ്ടതുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കായി 300 ചതുരശ്ര അടി വീതമുള്ള രണ്ട് മുറികൾ ശിശുഭവനങ്ങൾ നിർമ്മിക്കുമ്പോൾ ആവശ്യമാണ്. നിലവിൽ ശിശു ഭവനങ്ങൾ ഇല്ലാത്ത പ്രദേശങ്ങൾക്കും സ്ഥലപരിമിതികൾ ഉള്ള പ്രദേശങ്ങൾക്കും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനുമായുള്ള ധനസഹായം നൽകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി വ്യക്തമാക്കിയതായി ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിക്കുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി കെട്ടിടങ്ങൾ നിർമിക്കാൻ മിഷൻ വാത്സല്യ 9.25 ലക്ഷം രൂപ അനുവദിച്ചതായും അധികൃതർ അറിയിച്ചു.








