ലണ്ടൻ: തമിഴ് സിനിമയിലെ ബോക്സ് ഓഫീസ് പോരാട്ടങ്ങൾക്കപ്പുറം അത്യപൂർവ്വമായ സൗഹൃദത്തിന്റെ നേർക്കാഴ്ച സമ്മാനിച്ച് തല അജിത്തും തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ്‌യും ബ്രിട്ടനിൽ ഒരേവേദിയിൽ ഒത്തുചേർന്നു. ബ്രിട്ടനിലെ വിഖ്യാതമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന ‘മാൻസ് കപ്പ്’ അന്താരാഷ്ട്ര കാർ റേസിംഗ് ചാമ്പ്യൻഷിപ്പ് വേദിയിലാണ് ആരാധകരെയും സിനിമാ-രാഷ്ട്രീയ ലോകത്തെയും ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചരിത്ര സംഗമം അരങ്ങേറിയത്. റേസിംഗ് സ്യൂട്ടണിഞ്ഞ് ട്രാക്കിൽ നിൽക്കുകയായിരുന്ന അജിത്തിനെ കണ്ടയുടൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഓടിയെത്തി സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. സിനിമയിൽ പരസ്പരം പൊരുതിനിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ ഇരുവരും കാത്തുസൂക്ഷിക്കുന്ന ആഴമേറിയ ആത്മബന്ധത്തിന്റെ തെളിവായി ഈ നിമിഷത്തെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘അജിത് റെഡ് ആന്റ് ബൈ വിരാജ്’ ടീമിനുവേണ്ടി എൽഎംപി3 (LMP3) പ്രോ-ആം വിഭാഗത്തിലാണ് അജിത് കുമാർ മത്സരത്തിൽ ട്രാക്കിലിറങ്ങുന്നത്. ലോകോത്തര ഡ്രൈവർമാർ മാറ്റുരയ്ക്കുന്ന രണ്ട് മണിക്കൂർ നീളുന്ന കടുത്ത പോരാട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത് പ്രത്യേക അതിഥിയായെത്തിയ മുഖ്യമന്ത്രി വിജയ് ആണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രി പദവിയിലെത്തിയ വേളയിൽ അജിത് നേരിട്ട് ഫോണിൽ വിളിച്ച് വിജയ്‌യെ അഭിനന്ദിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും പൊതുവേദിയിൽ നേരിൽ കാണുന്നത് ഇതാദ്യമായാണ്. വെള്ളിത്തിരയിലെ രണ്ട് ഇതിഹാസങ്ങൾ ബ്രിട്ടനിലെ റേസിംഗ് ട്രാക്കിൽ സൗഹൃദം പങ്കിട്ടത് തമിഴകത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും ആവേശക്കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്.
രാഷ്ട്രീയത്തിനപ്പുറം തമിഴ്നാട്ടിലേക്ക് കൂടുതൽ ആഗോള വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിജയ് യുകെയിൽ എത്തിയത്. സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച അതിബൃഹത്തായ ‘മോട്ടോർ സ്പോർട്സ് സിറ്റി’ പദ്ധതിക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യവും ഈ സന്ദർശനത്തിന് പിന്നിലുണ്ട്. ഇതിന്റെ ഭാഗമായി സിൽവർസ്റ്റോൺ സർക്യൂട്ടിലെ അത്യാധുനിക ട്രാക്ക് രൂപകൽപ്പന, സുരക്ഷാ ക്രമീകരണങ്ങൾ, അന്താരാഷ്ട്ര മത്സര നടത്തിപ്പ് രീതികൾ, കായിക ടൂറിസം സാധ്യതകൾ എന്നിവ വിജയ്‌യും തമിഴ്നാട് കായിക മന്ത്രി ആദവ് അർജുനയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് കണ്ട് വിലയിരുത്തി. കായികരംഗത്തും വ്യവസായരംഗത്തും തമിഴ്നാടിനെ അന്താരാഷ്ട്ര ഭൂപടത്തിൽ മുൻനിരയിലെത്തിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം.












