കോട്ടയം : സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതമൊഴിയാതെ വിവിധ പ്രദേശങ്ങൾ ഇന്നും വെളളത്തിനടിയിലാണ്. ഇവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ബുധനാഴ്ച, ജൂലൈ 12) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട് താലൂക്കിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ആലപ്പുഴ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. കുട്ടനാട്ടിലെ ട്യൂഷൻ സെന്ററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നുണ്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 13 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 14 ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
Discussion about this post