ലക്‌നൗ: പബ്ജി ഓൺലൈൻ ഗെയിമിലൂടെ പ്രണയിച്ച് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന. സീമയോടൊപ്പം സച്ചിനെയും സച്ചിന്റെ പിതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്. രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് ചോദ്യം ചെയ്യൽ. സീമ,പാക് ചാരവനിതയാണെന്ന ആരോപണം നിലനിൽക്കെയാണ് ചോദ്യം ചെയ്യൽ നടന്നത്. സീമ ഹൈദറിന്‍റെ സഹോദരന്‍ പാക് സൈന്യത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. എന്നാല്‍ ഏത് റാങ്കിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്, എന്താണ് പദവി എന്നീ കാര്യങ്ങള്‍ സീമ ഹൈദര്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ഇന്ത്യയിലെത്തിയ താൻ ഇന്ത്യയുടെ സംസ്‌കാരത്തെ പൂർണമായും ഹൃദയത്തിൽ സ്വീകരിക്കുന്നതായും തന്റെ ഭർത്താവ് ഇന്ത്യക്കാരനും ഹിന്ദുവാണെന്നും താനും മക്കളും ഹിന്ദുമതം സ്വീകരിച്ചുവെന്നും സീമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബവും ഇനി സീമ തിരിച്ചുവരേണ്ടതില്ലെന്ന നിലപാട് എടുത്തത്. എന്നാൽ ഭർത്താവ് ഗുലാമിന് തന്റെ ഭാര്യയായിരുന്ന സീമയെ തിരികെ വേണമെന്നാണ് ആഗ്രഹം.
2019 ലാണ് പബ്ജി ഗെയിമിനിടെയുള്ള പ്രണയ കഥ ആരംഭിച്ചത്. കാമുകനൊപ്പം ജീവിക്കാനായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ സച്ചിനൊപ്പം ജീവിതം ആരംഭിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ റാബുപുരയിലെ വാടക വീട്ടിൽ നിന്ന് ജൂലൈ നാലിനാണ് സീമ ഹൈദറിനെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ രേഖകൾ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും സഹായിച്ചതിന് സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. സീമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ നാല് മക്കൾക്കും പാകിസ്താനിലേക്ക് പോകണമെന്ന ആഗ്രഹമില്ലെന്നാണ് പ്രതികരണം.
ഗാർഹിക പീഡനം അടക്കം രൂക്ഷമായ ആരോപണങ്ങളാണ് സീമ ആദ്യ ഭർത്താവ് ഗുലാമിനെതിരെ നടത്തിയിരിക്കുന്നത്. മുഖത്ത് മുളക് പൊടി ഇടുന്നതടക്കമുള്ള ക്രൂരതയാണ് ഗുലാം തന്നോട് ചെയ്തതെന്നാണ് സീമ പറയുന്നത്. എന്നാൽ തന്റെ ഭാര്യയെ തിരികെ അയക്കണമെന്ന ആവശ്യം ഗുലാം ഉയർത്തിയിട്ടുണ്ട്.








