മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

രാജ്യത്തിനും മാനവികതയ്ക്കും മേൽ വീണ കളങ്കമാണ് സംഭവമെന്ന് പ്രധാനമന്ത്രി

Published by
Brave India Desk

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. അക്രമ സംഭവങ്ങൾക്കിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. മണിപ്പൂരിൽ സംഭവിച്ച കാര്യം വേദനാജനകവും ഏതൊരു സംസ്കാരത്തിനും അപമാനകരവുമാണ്. രാജ്യത്തിനും മാനവികതയ്ക്കും മേൽ വീണ കളങ്കമാണ് സംഭവമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കുറ്റവാളികൾക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ നിയമനടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു. രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ മണിപ്പൂരിലോ എവിടെ നടന്നു എന്നത് പ്രസക്തമല്ല. രാജ്യത്തിന്റെ ഏത് മൂലയിൽ ഒളിച്ചിരുന്നാലും കുറ്റവാളികളെ വെറുതെ വിടാൻ പാടില്ലെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഒരു കുറ്റവാളി പോലും രക്ഷപ്പെടില്ലെന്ന് രാജ്യത്തെ പൗരന്മാർക്ക് ഞാൻ ഉറപ്പ് തരുന്നു. മണിപ്പൂരിന്റെ പെണ്മക്കൾക്കെതിരെ നടന്ന കുറ്റകൃത്യം ഒരു കാരണവശാലും പൊറുക്കപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മണിപ്പൂർ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിനെ ഫോണിൽ വിളിച്ചു. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട അമിത് ഷാ, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവം രാജ്യത്തെ അപമാനിച്ചതിന് തുല്യമാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment

Recent News