ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ചമച്ച കേസിൽ ആക്ടിവിസ്റ്റ് ടീസ്ത സെദൽവാദിന്റെ ഹർജി തള്ളി കോടതി. കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ടീസ്ത നൽകിയ ഹർജിയാണ് സെഷൻസ് കോടതി തള്ളിയത്. ഇതോടെ വലിയ തിരിച്ചടിയാണ് ടീസ്തയ്ക്ക് നേരിടേണ്ടിവന്നത്. അഡീഷണൽ സെക്ഷൻസ് ജഡ്ജ് എ ആർ പട്ടേലിന്റെ ബഞ്ചാണ് ഹർജി തള്ളിയത്. കുറ്റവിമുക്തയാക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ ഈ മാസം 24 മുതൽ കേസിന്റെ വിചാരണ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
കലാപത്തിൽ ഇരയായവരുടെ വ്യാജ സത്യവാങ്മൂലം ടീസ്ത ചമച്ചതായി ഗുജറാത്ത് സർക്കാർ കോടതിയിൽ അറിയിച്ചു. ഇത് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്നതിനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. ഇവർ നേരത്തെ നൽകിയ മൊഴിയും ടീസ്ത സമർപ്പിച്ച സത്യവാങ്മൂലത്തിലെ മൊഴിയും രണ്ടും രണ്ടാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കുറ്റവിമുക്തയാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
കേസിൽ ബുധനാഴ്ച സുപ്രീംകോടതി ടീസ്തയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗുജറാത്ത് ഹൈക്കോടതി ടീസ്തയെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിത്. കേസുമായി ബന്ധപ്പെട്ട് ടീസ്ത ഉൾപ്പെടെ മൂന്ന് പേരെ 2022 ജൂണിലായിരുന്നു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയതത്. ആർ ബി ശ്രീകുമാർ(മുൻ സംസ്ഥാന ഡിജിപി), സജ്ജീവ് ഭട്ട്(മുൻ ഐപിഎസ് ഓഫീസർ) എന്നിവരാണ് അറസ്റ്റിലായത്. ശ്രീകുമാർ നൽകിയ ജാമ്യാപേഷ ജഡ്ജ് എ ആർ പട്ടേലിന്റെ ബഞ്ച് തള്ളിയിരുന്നു.








