ന്യൂഡൽഹി: ഹലാൽ എന്ന് രേഖപ്പെടുത്തിയ ചായ നൽകിയ റെയിൽവേ ജീവനക്കാരനോട് കോപാകുലനാകുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാവുന്നു. ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ ചായ എന്താണെന്നും എന്തിനാണ് പുണ്യമാസത്തിൽ ഇത് നൽകുന്നതെന്നും യാത്രക്കാരൻ ചോദിക്കുന്നത് വീഡിയയോയിൽ കേൾക്കാം.
എന്നാൽ ചായ എല്ലായ്‌പ്പോഴും സസ്യാഹാരമാണെന്ന് റെയിൽവേ ജീവനക്കാരൻ പറഞ്ഞു. ഇതിന് പിന്നാലെ ഹലാൽ സർട്ടിഫൈഡ് ചായ എന്തിനാണ് തരുന്നതെന്നായിരുന്നു യാത്രക്കാരന്റെ ചോദ്യം. ഹലാൽ സർട്ടിഫൈഡ് എന്താണെന്ന് നിങ്ങൾ വിശദീകരിക്കണം. ഞങ്ങൾക്ക് ഐ.എസ്.ഐ സർട്ടിഫിക്കറ്റ് അറിയാം, ഹലാൽ സർട്ടിഫിക്കറ്റ് എന്താണെന്ന് വിശദീകരിക്കുകയെന്നും യാത്രക്കാരൻ ആവശ്യപ്പെട്ടു.
ഇത് മസാല ടീ പ്രീമിക്‌സ് ആണെന്നും വെജിറ്റേറിയൻ ആഹാരമാണെന്നും ജീവനക്കാരൻ വിശദീകരിക്കുന്നു. എന്ത് മിക്‌സ് ആയാലും ഹലാൽ എന്ന സർട്ടിഫിക്കറ്റിന്റെ ആവശ്യകത എന്താണെന്ന് യാത്രക്കാരൻ ആവർത്തിച്ചു. എനിക്ക് മതപരമായ സർട്ടിഫിക്കേഷനൊന്നും ആവശ്യമില്ല. ദയവായി ഈ വികാരങ്ങൾ മനസ്സിൽ വയ്ക്കുകയെന്ന് യാത്രക്കാരൻ പറഞ്ഞു.വീഡിയോ വൈറലായതോടെ ഒരു ടീ പ്രിമിക്സിന് എന്തിനാണ് ഹലാൽ സർട്ടിഫിക്കേഷൻ ആവശ്യമെന്ന് നിരവധി ഉപയോക്താക്കൾ ചോദിക്കുന്നുണ്ട്.
അറബിയിൽ, ഹലാൽ എന്നാൽ അനുവദനീയവും ഹലാൽ-സർട്ടിഫൈഡ് എന്നാൽ ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി തയ്യാറാക്കിയ ഭക്ഷണത്തെയുമാണ് സൂചിപ്പിക്കുന്നത്. അറുക്കുന്ന മാംസത്തിന് 1974 ലാണ് ആദ്യമായി ഹലാൽ സർട്ടിഫിക്കേഷൻ ആരംഭിച്ചത്, 1993 വരെ ഇത് മാംസ ഉൽപ്പന്നങ്ങൾക്ക് മാത്രം ബാധകമായിരുന്നു. പിന്നീട് അത് മറ്റ് ഭക്ഷ്യ വസ്തുക്കളിലേക്കും സൗന്ദര്യവർദ്ധക വസ്തുക്കളിലേക്കും മരുന്നുകളിലേക്കും വ്യാപിപ്പിച്ചു.








