ആന്ധ്രാപ്രദേശ് : ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഉയരുന്നു. 108 അടി ഉയരമുള്ള രാമ പ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച തറക്കല്ലിട്ടു. കുർണൂലിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠം ആണ് ഈ ഉയരമേറിയ പ്രതിമ നിർമ്മിക്കുന്നത്.
ഇന്ത്യയുടെ സമ്പന്നവും കാലാതീതവുമായ നാഗരിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയിൽ അചഞ്ചലമായി തുടരാൻ ഈ വലിയ ശ്രീരാമ പ്രതിമ ആളുകളെ പ്രചോദിപ്പിക്കട്ടെ എന്ന് അമിത് ഷാ ആശംസിച്ചു. രാഘവേന്ദ്ര സ്വാമി മഠത്തിന്റെ കുർണൂലിലെ പത്ത് ഏക്കർ ഭൂമിയിൽ ഒരു രാമക്ഷേത്രവും ശ്രീരാമന്റെ പഞ്ചലോഹ പ്രതിമയും കൂടിയാണ് നിർമ്മിക്കുന്നത്. 300 കോടി രൂപ ചെലവിലാണ് 108 അടി ഉയരമുള്ള ശ്രീരാമ പ്രതിമ സ്ഥാപിക്കുന്നത്.
182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി രൂപകല്പന ചെയ്ത പ്രശസ്ത ഇന്ത്യൻ ശില്പി രാം വൻജി സുതാറിനെയാണ് ശ്രീരാമ പ്രതിമ രൂപകല്പന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ രാഘവേന്ദ്ര സ്വാമി മഠാധിപതി ശ്രീ സുബുദേന്ദ്ര തീർത്ഥ സ്വാമി, മുൻ രാജ്യസഭാംഗം ടി ജി വെങ്കിടേഷ് എന്നിവരും പങ്കെടുത്തു.








