ചണ്ഡിഗഢ് : 20 കിലോ ഗ്രാം ഹെറോയിനുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് ഫസിലിക്ക സ്വദേശികളായ സുബേഗ് സിംഗ്, സന്ദീപ് സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവർ മയക്കു മരുന്ന് കൊണ്ടു നടന്ന് വിൽക്കുന്നവരാണെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
അന്വേഷണത്തിൽ ഇവർ നിയമ വിരുദ്ധമായി ഹെറോയിൻ പാക്കിസ്താനിൽ നിന്നും കടത്തിയതായി പോലീസ് കണ്ടെത്തി. സ്‌റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയ്ക്കിടെ സംഭവസ്ഥലത്തു നിന്നും 20 കിലോ ഗ്രാം വരുന്ന 10 പാക്കറ്റ് ഹെറോയിൻ കടത്താനായി പ്രതികൾ ഉപയോഗിച്ച മോട്ടോർ വാഹനവും പോലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെ സെക്ഷൻ 21(സി), 23 ,24 എന്നിവ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
വരും ദിവസങ്ങളിൽ അന്വേഷണം വ്യാപകമാക്കുമെന്നും കൂടുതൽ അറസ്റ്റുണ്ടായേക്കാമെന്നും പോലീസ് പറഞ്ഞു. എഐജി ലഖ്ബിർ സിംഗ്, ഫസിലിക്ക സ്‌റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിശോധന.








