മുംബൈ : വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഭർത്താവിന്റെ മുന്നിൽ വെച്ച് ഭാര്യയെ ക്രൂര പീഡനത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ ഹഡപ്‌സറിലാണ് സംഭവം. ഭർത്താവ് വായ്പ തിരിച്ചടയ്ക്കാൻ വൈകിയതിനെ തുടർന്നാണ് പണം പലിശയ്ക്ക് നൽകിയ ഇംതിയാസ് ഹസീൻ ഷെയ്ഖ് എന്നയാൾ യുവതിയെ പീഡിപ്പിച്ചത്. ഈ വീഡിയോ ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇംതിയാസിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പലിശയ്ക്ക് പണം എടുത്ത് തിരിച്ചടയ്ക്കാൻ വൈകിയതിനെ തുടർന്ന് ഇംതിയാസ് ദമ്പതികളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുക പതിവായിരുന്നു. പണം തിരികെ തന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ദമ്പതിമാരെ ഇയാൾ ഹഡസ്പറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
ഫ്‌ളാറ്റിലെത്തിയ ഇരുവരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയെ ഭർത്താവിന് മുന്നിലിട്ട് പീഡിപ്പിച്ചത്. ഭാര്യയെ ഒന്ന് ചെയ്യരുതേ എന്ന് കേണപേക്ഷിച്ചിട്ടും ഇംതിയാസ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കി.
ഇതിന് ശേഷം ഇംതിയാസ് നിരന്തരം ഇരയെ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു. തന്റെ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. യുവതി ഇതിന് വിസമ്മതിച്ചതോടെ ഇയാൾ വീഡിയോ പ്രചരിപ്പിച്ചു. തുടർന്നാണ് ഇരുവരും പോലീസിൽ പരാതി നൽകിയത്.








