ഭോപ്പാൽ: ഗായത്രീമന്ത്രം ചൊല്ലിയ വിദ്യാർത്ഥികളെ തടഞ്ഞ് ശകാരിച്ച് അദ്ധ്യാപകൻ. മദ്ധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ബിയോറ നഗരത്തിലെ സിഎം റൈസ് സ്‌കൂളിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
സ്‌കൂൾ അസംബ്ലിക്കിടെ പ്രാർത്ഥനാ സമയത്ത് ഗായത്രി മന്ത്രം ജപിച്ച സ്‌കൂൾ അദ്ധ്യാപകൻ ദുഷ്യന്ത് റാണ വിദ്യാർത്ഥികളോട് കയർക്കുന്നത് കാണാം. ‘നിർത്തുക. നിർത്തുക. ആരാണ് നിന്നോട് ഗായത്രി മന്ത്രം ചൊല്ലാൻ പറഞ്ഞത്? നിങ്ങൾ എന്തിനാണ് ഇത് ജപിക്കുന്നതെന്നായിരുന്നു അദ്ധ്യാപകന്റെ ആക്രോശം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം.
സ്‌കൂളിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. അദ്ധ്യാപകർക്കും സ്‌കൂളിനുമെതിരെ നടപടിയെടുത്തില്ലെങ്കിൽ പരിപാടിക്കെതിരെ പ്രതിഷേധിക്കുമെന്ന് എബിവിപിയും ഹൈന്ദവ സംഘടനകളും അറിയിച്ചു.അതേസമയം ഹിന്ദുവികാരം വ്രണപ്പെടുത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് അദ്ധ്യാപകൻ റാണ ആവർത്തിച്ചു.








