പതിനെട്ടാമത് ബിആർഐസിഎസ് (BRICS) ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് നടന്ന ബിആർഐസിഎസ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയെയും തന്ത്രപ്രധാനമായ ആഗോള കരുത്തിനെയും പ്രശംസിച്ച് പ്രമുഖ വ്യവസായ പ്രമുഖർ. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോടും അനിമോടും പ്രതികരിച്ച പ്രമുഖർ വ്യക്തമാക്കി. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഗ്ലോബൽ സൗത്തിന്റെ (Global South) സമ്പൂർണ്ണ നേതൃത്വത്തിലേക്ക് ഭാരതം ഉയർന്നിരിക്കുകയാണ്.
ഗ്രൂപ്പിലെ വിപുലീകരണത്തോടെ 11 അംഗ രാജ്യങ്ങളിലേക്ക് വളർന്ന ബിആർഐസിഎസ് കൂട്ടായ്മയ്ക്കുള്ളിലെ വ്യാപാരം ഇതിനകം ഒരു ട്രില്യൺ ഡോളർ പിന്നിട്ടു. സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് പുതിയ ഘടന തുറന്നുനൽകുന്നതെന്ന് അസോചം (Assocham) പ്രസിഡന്റ് നിർമ്മൽ കുമാർ മിന്ദ അഭിപ്രായപ്പെട്ടു. ലോക ജനസംഖ്യയുടെ 60 ശതമാനത്തെയും ഗ്ലോബൽ സൗത്തിലെ ഭൂരിഭാഗം രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ബിആർഐസിഎസ് കൂട്ടായ്മയിൽ 18 ഓളം രാഷ്ട്രത്ത തലവന്മാരാണ് ഇന്ത്യയിലെത്തുന്നത്. മറ്റ് ആഗോള സാമ്പത്തിക ശക്തികൾ തിരിച്ചടി നേരിടുമ്പോഴും ഭാരതം അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി നിലനിൽക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെ വിജയമാണെന്ന് വ്യവസായ പ്രമുഖർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരതത്തിന്റെ അധ്യക്ഷതയിലാണ് 18-ാമത് ബിആർഐസിഎസ് ഉച്ചകോടി ഡൽഹിയിൽ നടക്കുന്നത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (MSME) വിദേശ നിക്ഷേപം ലഭ്യമാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്രീൻ എനർജിയും ബയോഫ്യുവൽ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ബിസിനസ് കൗൺസിൽ ശുപാർശകൾ ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളിൽ പ്രതിഫലിക്കും.








