ന്യൂഡൽഹി : ഇന്ത്യയിൽ 2014 ന് ശേഷം മെഡിക്കൽ കോളേജുകളുടെ എണ്ണത്തിലും എംബിബിഎസ് സീറ്റുകളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ. വെള്ളിയാഴ്ച ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ 2014 ന് ശേഷം മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 82 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തിൽ 2014 മുതൽ 110 ശതമാനം വർധനവും ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചു.
2014-ന് മുമ്പ് രാജ്യത്താകെയായി 387 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 704 എണ്ണമായി ഉയർന്നു. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തിൽ 51,348 മുതൽ 1,07,948 വരെ സീറ്റുകളാണ് വർദ്ധിച്ചത്. കൂടാതെ രാജ്യത്ത് ബിരുദാനന്തര (PG) മെഡിക്കൽ സീറ്റുകളുടെ എണ്ണം 2014-ന് മുമ്പ് 31,185 ആയിരുന്നത് 117 ശതമാനം വർധിച്ച് ഇപ്പോൾ 67,802 ആയതായും ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
നിലവിലുള്ള ജില്ലാ/റഫറൽ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിക്ക് (CSS) കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 101 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയതായും മാണ്ഡവ്യ ലോക്സഭയെ അറിയിച്ചു. CSS നു കീഴിലായി പുതിയ 22 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിലൂടെ (PMSSY) സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകൾ നിർമ്മിച്ച് സർക്കാർ മെഡിക്കൽ കോളേജുകൾ നവീകരിക്കുന്ന 75 പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 62 എണ്ണം ഇതിനകം തന്നെ പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.








