ന്യൂഡൽഹി: രാജ്യത്തെ പ്രാദേശിക വ്യോമയാന മേഖലയ്ക്ക് പുതുജീവൻ പകർന്ന് റഷ്യൻ നിർമ്മിത ‘Il-114-300’ യാത്രാവിമാനങ്ങൾ ഇന്ത്യയിലേക്ക്. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ‘ഇന്നോപ്രോം’ പ്രദർശനത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമയാന കമ്പനികൾക്ക് 105 പ്രാദേശിക യാത്രാവിമാനങ്ങൾ കൈമാറാൻ റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ (Rostec) ഭാഗമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) ധാരണയിലെത്തി. പുതിയ നീക്കത്തിൽ മലയാളികളുടെ സ്വന്തം പ്രവാസി സംരംഭമായ ‘എയർ കേരള’യും പങ്കാളികളാണ്.
കരാർ അനുസരിച്ച് പിനാക്കിൾ എയർ 50 വിമാനങ്ങളും, എയർ കേരള 20 വിമാനങ്ങളും, സ്ലീക്ക് ഏവിയേഷൻ 35 വിമാനങ്ങളുമാണ് സ്വന്തമാക്കുന്നത്. ഇന്ത്യയിലെ ഉൾനാടൻ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ (UDAN) പദ്ധതിക്ക് വലിയ ഊർജ്ജം പകരുന്നതാണ് ഈ കരാർ. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായ ചെറിയ റൺവേകളിൽ പോലും സുഗമമായി ലാൻഡ് ചെയ്യാനും പറന്നുയരാനും സാധിക്കുന്ന രീതിയിലാണ് ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രണ്ട് TV7-117ST-01 എൻജിനുകൾ കരുത്തേകുന്ന ഈ വിമാനത്തിൽ ഒരേസമയം 68 യാത്രക്കാർക്ക് വരെ സഞ്ചരിക്കാം. പൂർണ്ണ ശേഷിയിൽ പറക്കുമ്പോൾ 1,400 കിലോമീറ്റർ ദൂരം വരെ തടസ്സമില്ലാതെ സഞ്ചരിക്കാൻ ഇതിന് ശേഷിയുണ്ട്. എയർ കേരള ഈ വിമാനങ്ങൾ സ്വന്തമാക്കുന്നതോടെ കേരളത്തിലെ ചെറു വിമാനത്താവളങ്ങളെയും അയൽ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെയും കുറഞ്ഞ ചെലവിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.








