ന്യൂഡൽഹി : പഞ്ചാബി ഗായകൻ സിദ്ധു മൂസേ വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന ഗൂഢാലോചനക്കാരിലൊരാളായ സച്ചിൻ ബിഷ്‌ണോയിയെ അസർബൈജാൻ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സൂചന. ഇതിനായി സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥർ അസർബൈജാനിൽ എത്തിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. കുപ്രസിദ്ധ ക്രിമിനൽ ലോറൻസ് ബിഷ്‌ണോയിയുടെ അനന്തരവൻ ആണ് സച്ചിൻ ബിഷ്‌ണോയി.
2022 മേയ് 29 ന് ആയിരുന്നു മാൻസയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഗായകൻ സിദ്ധു മൂസേ വാല കൊല്ലപ്പെടുന്നത്. വൈകാതെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. സിദ്ധു മൂസേ വാലയുടെ കാറിന് നേരെ 30 റൗണ്ട് വെടിയുതിർത്ത ശേഷമായിരുന്നു അന്ന് അക്രമികൾ രക്ഷപ്പെട്ടത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം സിദ്ധു മൂസേ വാലയ്ക്ക് 19 വെടിയുണ്ടകൾ ഏറ്റിരുന്നു.
കൊലപാതകം നടന്നതു മുതൽ ഈ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ സച്ചിൻ ബിഷ്‌ണോയി ഒളിവിലായിരുന്നു. ഇയാൾ വ്യാജ പാസ്‌പോർട്ടുമായി അസർബൈജാനിലേയ്‌ക്ക് രക്ഷപ്പെട്ട് അവിടെ അഭയം പ്രാപിച്ചിരുന്നു. അവിടെ ഇയാൾ രാഷ്ട്രീയ അഭയത്തിനായി അപേക്ഷിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് അസർബൈജാനിൽ വെച്ച് സച്ചിൻ ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായി
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് , കൗണ്ടർ ഇന്റലിജൻസ് യൂണിറ്റിലെ രണ്ട് ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഞായറാഴ്ച രാത്രി അസർബൈജാനിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.








