തൃശൂര്‍ : തോമസ് ഐസകിനെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യാക്കണമെന്നാവശ്യപ്പെട്ട് മാര്‍ക്സിസ്റ്റ് ചിന്തകന്‍ എംപി പരമേശ്വരന് വീണ്ടും രംഗത്തെത്തി. വി.എസ്. അച്യുതാനന്ദനു പ്രായമായെന്നും പിണറായി വിജയന് ജനങ്ങളോട് വൈകാരിക അടുപ്പമില്ലെന്നും അതിനാല്‍ തോമസ് ഐസക്കാണ് മുഖ്യമന്ത്രി സ്ഥാനാര്ഥിയാകേണ്ടതെന്നും എം.പി. പരമേശ്വരന് പറഞ്ഞു..
ജനങ്ങളാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടതെന്ന് പാര്‍ട്ടി തിരിച്ചറിയണം. സിപിഎം തനിക്ക് വിലക്കേര്‍പ്പെടുത്തിയതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.പി. പരമേശ്വരന് സിപിഎം വിലക്കേര്‍പ്പെടുത്തിയതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്. അച്യുതാനന്ദനേക്കാളും പിണറായി വിജയനേക്കാളും മികച്ച മുഖ്യമന്ത്രിസ്ഥാനാര്‍ഥി തോമസ് ഐസക്കാണെന്നു എം.പി. പരമേശ്വരന് പറഞ്ഞതോടെ ആണ് പാര്‍ട്ടി അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്.
വിഎസ്സിനു പ്രായമായെന്നും അദ്ദേഹത്തെ ഉപദേശിക്കുന്നവര്‍ക്ക് അറിവില്ലാത്തതുകൊണ്ടാണ് ഈ അബദ്ധമെല്ലാം സംഭവിക്കുന്നതെന്നും പരമേശ്വരന് അടുത്ത കാലത്തു പറഞ്ഞിരുന്നു. ജനകീയനായതുകൊണ്ടു കാര്യമില്ലെന്നും വിവരം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കഴിവുള്ള പിണറായിക്കു മനുഷ്യരുമായി ബന്ധമില്ല. ഇഎംഎസ്സും എകെജിയും ചേര്‍ന്നതാണ് തോമസ് ഐസക്കെന്നും അദ്ദേഹമാണു മുഖ്യമന്ത്രിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ അഭിപ്രായപ്രകടനം വിവാദമായതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുക ലക്ഷ്യമായിരുന്നില്ലെന്നും പരാമര്‍ശം വേദനിപ്പിച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും പരമേശ്വരന് പറഞ്ഞിരുന്നു. . സിപിഎമ്മിനെക്കുറിച്ചും പാര്‍ട്ടി നേതാക്കളെക്കുറിച്ചും എംപി പരമേശ്വരന് നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് ഡോ. തോമസ് ഐസക്ക് നേരത്തെ പ്രതികരിച്ചിരുന്നു.
Discussion about this post