ഗുജറാത്ത് : ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവിന്റെ (IFFCO) പുതിയ നാനോ യൂറിയ വളം പ്ലാന്റിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഗുജറാത്തിൽ കച്ചിലെ ഗാന്ധിധാമിലാണ് പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നത്. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ ഭുജിൽ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർഷകർക്ക് ഏറ്റവും ഉയർന്ന മൂല്യവർദ്ധനവ് ഉറപ്പാക്കാനും കൃഷിയിടങ്ങളെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ഒരു പുതിയ ഹരിത വിപ്ലവത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് അമിത് ഷാ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത , കർഷകർക്ക് സമൃദ്ധി എന്നിവ ഉൾപ്പെടെയുള്ള പ്രാഥമിക ലക്ഷ്യങ്ങൾ നിറവേറ്റുകയാണ് പുതിയ ഹരിത വിപ്ലവം ലക്ഷ്യമിടുന്നത്.
നാനോ യൂറിയ പ്ലാന്റ് കാർഷിക സമ്പദ്വ്യവസ്ഥയ്ക്ക് ബഹുമുഖ നേട്ടങ്ങൾ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാസവളങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനും രാസവള മേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനും പ്ലാന്റ് നിർണായക പങ്ക് വഹിക്കും. മണ്ണിന്റെ പോഷകാംശം സംരക്ഷിക്കാനും രാസവളങ്ങളുടെ ന്യായമായ ഉപയോഗം ഉറപ്പാക്കാനും നാനോ യൂറിയ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post