ഡല്‍ഹി: ആര്.എസ്.എസുമായി ബന്ധപ്പെട്ട 29 സംഘടനകള്‍ക്ക് അനുവദിച്ച ഭൂമി റദ്ദാക്കിയ യു.പി.എ സര്‍ക്കാര്‍ നടപടി പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. നഗര വികസ മന്ത്രാലയമാണ് കമ്മിറ്റി രൂപവത്കരിച്ചത്.
ഐ.എ.എസുകാരായ മുന്‍ ഹൈവേ സെക്രട്ടറി എല്‍.കെ ജോഷി, മുന്‍ നഗര വികസന സെക്രട്ടറി എം. രാമചന്ദ്രന് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. നിയമപരമായിരുന്നോ നടപടി എന്ന് പരിശോധിച്ച് അടുത്ത മാര്‍ച്ചിനകമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
ഭൂമി നഷ്ടപ്പെട്ട ഭൂരിഭാഗം പേരും കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അന്തിമതീരുമാനത്തിനായി നഗര വികസ മന്ത്രാലയത്തിന് കോടതിയെ സമീപിക്കാം. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയാണ് പുനപരിശോധയ്ക്കായി കമ്മിറ്റി രൂപീകരിച്ചത്.
2004ലാണ് യു.പി.എ സര്‍ക്കാര്‍ സംഘടനകള്‍ക്കുള്ള ഭൂമി റദ്ദാക്കി കൊണ്ട് ഉത്തരവിറക്കിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന യോഗേഷ് ചന്ദ്രയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പരാതിക്കാര്‍ നഗരവികസന മന്ത്രായത്തെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി രൂപീകരിച്ചത്.
Discussion about this post