ലണ്ടൻ : ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്നെ നയിക്കുന്നത് തന്റെ ഹിന്ദു വിശ്വാസമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്.
രാജ്യത്തിന്റെ നേതാവെന്ന നിലയിൽ തന്നാൽ കഴിയുന്നത് ചെയ്യാൻ തനിക്ക് ധൈര്യവും ശക്തിയും പ്രതിരോധശേഷിയും നൽകുന്നതും ആ വിശ്വാസമാണെന്ന് റിഷി സുനക് വ്യക്തമാക്കി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ആത്മീയ നേതാവ് മൊറാരി ബാപ്പു നടത്തുന്ന രാംകഥയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി.
മൊറാരി ബാപ്പു നടത്തുന്ന രാംകഥ ചടങ്ങിയത് പ്രധാനമന്ത്രി എന്ന നിലയിൽ അല്ല പകരം ഒരു ഹിന്ദുവായാണ് എന്നും റിഷി സുനക് വ്യക്തമാക്കി. “ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദുവിശ്വാസമാണ് എന്നെ നയിക്കുന്നത്. പ്രധാനമന്ത്രിയാകുക എന്നത് വലിയ ബഹുമതിയാണ്, പക്ഷേ അത് എളുപ്പമുള്ള ജോലിയല്ല. എടുക്കാൻ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളുണ്ട്, അഭിമുഖീകരിക്കാൻ കഠിനമായ തിരഞ്ഞെടുപ്പുകൾ ഉണ്ട്. അപ്പോഴൊക്കെ എന്റെ വിശ്വാസം എനിക്ക് ധൈര്യവും ശക്തിയും നമ്മുടെ രാജ്യത്തിന് വേണ്ടി എനിക്ക് കഴിയുന്നത് ചെയ്യാനുള്ള കരുത്തും നൽകുന്നു” റിഷി സുനക് വ്യക്തമാക്കി.
10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ മേശപ്പുറത്ത് ഇരിക്കുന്ന ഒരു സ്വർണ്ണ ഗണപതിയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ബാപ്പു പറയുന്ന രാമായണം മാത്രമല്ല, ഭഗവദ് ഗീത, ഹനുമാൻ ചാലിസ എന്നിവയും ഓർത്തുകൊണ്ടാണ് താൻ ഇവിടെ നിന്ന് പോകുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു . തന്നെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും ഭരിക്കാനും എന്നും പ്രചോദനാത്മക വ്യക്തിയായിരിക്കുന്നത് ശ്രീരാമൻ ആണെന്നും റിഷി സുനക് വ്യക്തമാക്കി.
ജയ് സിയ റാം എന്ന് പറഞ്ഞു കൊണ്ടാണ് റിഷി സുനക് തന്റെ വാക്കുകൾ ഉപസംഹരിച്ചത്. ചടങ്ങുകൾക്ക് ശേഷം ഹനുമാൻ ആരതിയിലും പ്രസാദ് വിതരണത്തിലും പങ്കെടുത്ത ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങിയത്. സാധാരണ ഒരു ചടങ്ങുകളിലും സമ്മാനങ്ങൾ സ്വീകരിക്കാറില്ലാത്ത പ്രധാനമന്ത്രി പക്ഷേ ഇത്തവണ മൊറാരി ബാപ്പു നൽകിയ സമ്മാനം സ്നേഹത്തോടെ സ്വീകരിച്ചു. സോമനാഥ ക്ഷേത്രത്തിൽ പ്രത്യേകം പൂജിച്ച ശിവലിംഗം ആയിരുന്നു ബാപ്പു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായി കരുതിയിരുന്ന ആ സ്നേഹസമ്മാനം.
Discussion about this post