ആലപ്പുഴ: കോച്ചുകൾ നിർത്തിയതിലെ പിഴവിനെ തുടർന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ സറ്റേഷൻ മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്റർ കെ.എസ് വിനോദിനെതിരെയാണ് നടപടി സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷന്റെ മുഴുവൻ ട്രാക്കുകളിലും കോച്ചുകൾ നിർത്തിയിട്ട് മറ്റ് തീവണ്ടികൾക്ക് തടസ്സമുണ്ടാക്കിയതാണ് നടപടിയ്ക്ക് കാരണം ആയത്.
രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ആകെ മൂന്ന് ട്രാക്കുകളാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഉള്ളത്.
എഞ്ചിനുകൾ മാറ്റുന്ന ഷണ്ടിംഗ് നടപടികൾക്കായാണ് മൂന്ന് ട്രാക്കുകളിലും കോച്ചുകൾ നിർത്തിയിട്ടത്. മൂന്ന് ട്രാക്കിലും കോച്ചുകൾ കിടന്നതിനാൽ ആ സമയം കടന്ന് പോകേണ്ട തീവണ്ടികൾ നിർത്തിയിടേണ്ടിവന്നു. ഇതോടെ ഗതാഗത തടസ്സം ഉണ്ടാകുകയും തീവണ്ടികളുടെ സമയം വൈകുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു സ്‌റ്റേഷൻ മാസ്റ്റർക്കെതിരെ നടപടി സ്വീകരിച്ചത്.
ഏറനാട്, എറണാകുളം പാസഞ്ചർ എന്നിവ കടന്ന് പോകാൻ കഴിയാത്തതിനെ തുടർന്ന് പിടിച്ചിട്ടു. ധൻബാദ് എക്‌സ്പ്രസ് ഒന്നര മണിക്കൂർ വൈകി. ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകൾ വൈകിയെന്നാണ് വിവരം. അതേസമയം റെയിൽവേ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
Discussion about this post