ന്യൂഡൽഹി/റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരതയെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ നിർണായകവും ചരിത്രപരവുമായ നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഢിലെ നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ, നക്സൽ പ്രസ്ഥാനത്തിന്റെ നട്ടെല്ലും സി.പി.ഐ മാവോയിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവുമായ സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവ റാവു എന്ന ബസവരാജു ഉൾപ്പെടെ 27 കൊടും ഭീകരരെ സുരക്ഷാ സേന വധിച്ചതായി അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
“നക്സലിസത്തിനെതിരായ ഭാരതത്തിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിൽ ഇതാദ്യമായാണ് ഒരു ജനറൽ സെക്രട്ടറി റാങ്കിലുള്ള നേതാവിനെ നമ്മുടെ സേനകൾ നിർവീര്യമാക്കുന്നത്” എന്ന് അമിത് ഷാ അറിയിച്ചു. കമ്യൂണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്ന ധീരരായ സുരക്ഷാ സേനകളെയും ഏജൻസികളെയും അദ്ദേഹം അഭിനന്ദിച്ചു.
സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ഉൾപ്പെടെ 27 ഭികരരെ നിർവീര്യമാക്കിയ, നാരായൺപൂരിലെ ഓപ്പറേഷന് പുറമെ നക്സലിസത്തിനെതിരായ “ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്” പൂർത്തിയായ ശേഷം ഛത്തീസ്ഗഢ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 54 നക്സലൈറ്റുകളെ അറസ്റ്റ് ചെയ്യുകയും 84 നക്സലൈറ്റുകൾ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. “2026 മാർച്ച് 31-നകം നക്സലിസം തുടച്ചുനീക്കാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു” എന്നും അദ്ദേഹം തൻ്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ചെ ഛത്തീസ്ഗഢിലെ നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലെ അബുജ്മാഡ് വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് ഈ ഓപ്പറേഷനിൽ പങ്കെടുത്തത്. ഒരു കോടിയിലധികം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജുവിന്റെ വധം മാവോയിസ്റ്റ് പ്രസ്ഥാനത്തിന് ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഇയാളുടെ നേതൃത്വത്തിലാണ് രാജ്യത്തെ പ്രധാന നക്സൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. 1970കൾ മുതൽ രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന ഇയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സുരക്ഷാ സേനകൾക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഏറ്റുമുട്ടലിൽ മറ്റ് പ്രമുഖ മാവോയിസ്റ്റ് നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഓപ്പറേഷൻ നടന്ന സ്ഥലത്തുനിന്നും എകെ 47 ഉൾപ്പെടെയുള്ള വലിയ ആയുധശേഖരവും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
1999 മുതൽ ഇന്നുവരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 8000ത്തോളം സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇന്ത്യയിൽ ഇടത്പക്ഷ/ കമ്യൂണിസ്റ്റ് ആക്രമണങ്ങളിൽ പല രീതിയിൽ കൊല്ലപ്പെട്ടത്. സർക്കാരിനോ നിയമസംവിധാനങ്ങൾക്കോ പ്രവർത്തിക്കാൻ കഴിയാത്ത വിധം ഇന്ത്യയുടെ പല ഭാഗങ്ങളിലും സമാന്തര ഭരണകൂടമായി പിടിമുറുക്കിയിരുന്ന കമ്യൂണിസ്റ്റ് ഭീകരത കേന്ദ്രസർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും ഏകോപിപ്പിച്ചുള്ള ശ്രമഫലമായി ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണാവിധേയമായി വരികയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, നക്സൽ സ്വാധീന മേഖലകൾ ചുരുങ്ങുകയും അവരുടെ ശക്തി ക്ഷയിക്കുകയും ചെയ്തിട്ടുണ്ട്. 2010-ൽ രാജ്യത്ത് 2258 നക്സൽ അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, 1005 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ കണക്കുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2022-ൽ 98 ജില്ലകളിലായിരുന്ന നക്സൽ സ്വാധീനം 2024-ഓടെ 45 ജില്ലകളിലേക്ക് ഒതുങ്ങിയത് ഇതിന് തെളിവാണ്. ഈ വർഷം മാത്രം നിരവധി കമ്യൂണിസ്റ്റ് ഭീകരരാണ് കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ കീഴടങ്ങുകയോ ചെയ്തിട്ടുള്ളത്.
“ഓപ്പറേഷൻ പ്രഹാർ”, “ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്” തുടങ്ങിയ സൈനിക നടപടികൾക്ക് പുറമെ, നക്സൽ ബാധിത പ്രദേശങ്ങളിൽ വികസനമെത്തിക്കാനും സർക്കാർ ഊന്നൽ നൽകുന്നുണ്ട്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, മൊബൈൽ ടവറുകൾ എന്നിവയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വനവാസി വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനും യുവാക്കൾക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നിവ നൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള പദ്ധതികളും സജീവമാണ്. കീഴടങ്ങുന്ന നക്സലുകൾക്ക് പുനരധിവാസ പാക്കേജുകളും സർക്കാർ വാഗ്ദാനം ചെയ്യുന്നു.
ഛത്തീസ്ഗഢിന് പുറമെ, ജാർഖണ്ഡ്, ഒഡീഷ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവും വിവിധ സേനാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും ഈ വിജയങ്ങൾക്ക് പിന്നിലുണ്ട്.
അമിത് ഷായുടെ ഏറ്റവും പുതിയ പ്രഖ്യാപനങ്ങളും ഛത്തീസ്ഗഢിലെ വിജയവും നക്സലിസത്തിനെതിരായ പോരാട്ടത്തിൽ സർക്കാരിനും സുരക്ഷാ സേനയ്ക്കും വലിയ ആത്മവിശ്വാസം നൽകുന്നതാണ്. 2026 മാർച്ച് 31 എന്ന കൃത്യമായ സമയപരിധി പ്രഖ്യാപിച്ച് കൃത്യമായ ലക്ഷ്യബോധത്തോടെയാണ് സർക്കാരും സുരക്ഷാ സേനകളും മുന്നോട്ട് പോകുന്നത്. ചൈനയുടേയും പാകിസ്താൻ്റെയും സാമ്പത്തിക സൈനിക സഹായങ്ങൾ കൈപ്പറ്റിയാണ് ഇന്ത്യയിൽ കമ്യൂണിസ്റ്റ് ഭീകരർ പ്രവർത്തിച്ചിരുന്നതെന്നതിന് വ്യക്തമായ തെളിവുകൾ കേന്ദ്രസർക്കാർ പുറത്ത് വിട്ടിരുന്നു. സാധാരണ ജനങ്ങൾക്കെതിരേയും സുരക്ഷാ സേനകൾക്കെതിരേയും കൊടിയ ആക്രമണങ്ങൾ അഴിച്ചുവിട്ട് യുദ്ധപ്രഖ്യാപനം നടത്തിയിരുന്ന ഇവരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ അർബൻ നക്സലുകളുടെ വ്യാപകമായ ശൃംഘലകളിലൂടെ മനുഷ്യാവകാശപ്രശ്നമെന്ന നിലയിൽ ബഹളമുണ്ടാക്കി അട്ടിമറിക്കാനും കൃത്യമായ ആസൂത്രിത ശ്രമങ്ങളാണ് ഉണ്ടായിരുന്നത്.
സാധാരണഗതിയിൽ സുരക്ഷാ സൈനികർ എത്തുമ്പോൾ മുതിർന്ന നേതാക്കളെല്ലാം സുരക്ഷിതസ്ഥാനങ്ങളിൽ ഒളിച്ച ശേഷം അരപ്പട്ടിണിക്കാരായ ആദിവാസികളെ ഭീഷണിപ്പെടുത്തിയും പണം നൽകിയും ഉണ്ടാക്കിയ കൂലിപ്പടയാളികളെ മുന്നിൽ നിർത്തിയാണ് കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മുന്തിയ നേതാക്കളുടെ സുരക്ഷിതസ്ഥാനങ്ങൾ ലക്ഷ്യം വച്ച് തന്നെ സുരക്ഷാ സൈനികർ നടത്തിയ ഓപ്പറേഷൻ വലിയ വിജയം കൈവരിച്ചത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post