കോഴിക്കോട്: കക്കാടംപൊയിലിലെ പി വി അന്‍വറിന്റെ പിവിആര്‍ നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കുള്ള പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
അപേക്ഷ ലഭിച്ചതിനേ തുടര്‍ന്ന് പാര്‍ക്കിനെ പറ്റി പഠിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇവര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം മാത്രം തുറന്ന് നല്കാന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്.
കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്സിംഗിനുള്ളിലായിരിക്കണം. വാട്ടര്‍ റൈഡുകള്‍ നിര്‍മ്മിച്ച സ്ഥലവുമായി ഇവയ്ക്ക് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പ് വരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
കനത്ത മഴയെ തുടര്‍ന്ന് 2018 ല്‍ പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം ഉരുള്‍പൊട്ടല്‍ മേഖലയാണെന്ന് കാണിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്.
Discussion about this post