ബംഗളൂരു: ഗ്യാസ് സംബന്ധമായ അസുഖത്തിന് വ്യാജ ആയുർവേദ മരുന്ന് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മുൻ ഡിആർഡിഒ ഉദ്യോഗസ്ഥനാണ് തട്ടിപ്പിനിരയായത്. 5.4 ലക്ഷം രൂപയാണ് 67 കാരനായ ഡിആർഡിഒ മുൻ ഉദ്യോഗസ്ഥനായ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്.
ഡിആർഡിഒയിൽ നിന്ന് സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി വിരമിച്ച ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് മരുന്നു വാങ്ങാൻ മെഡിക്കൽ സ്‌റ്റോറിൽ എത്തിയപ്പോഴാണ് തട്ടിപ്പുകാർ പരാതിക്കാരനെ ആദ്യം സമീപിച്ചത്.
മെഡിക്കൽ സ്റ്റോറിൽ നിന്ന് ഗ്യാസിനുള്ള മരുന്ന് വാങ്ങുമ്പോൾ എന്തിനാണ് എന്ന് ചോദിച്ചാണ് തട്ടിപ്പുസംഘം അടുത്തുകൂടിയത്. തന്റെ അച്ഛന് സമാനമായ അസുഖം ഉണ്ടായിരുന്നുവെന്നും ആയുർവേദ മരുന്ന് കഴിച്ചപ്പോൾ മാറിയെന്നും പറഞ്ഞ് മൂന്നംഗ തട്ടിപ്പുസംഘത്തിലെ ഒരാൾ നമ്പർ നൽകി.
ഒരു ലിറ്റർ വെളിച്ചെണ്ണയുമായി ആയുർവേദ മെഡിക്കൽഷോപ്പ് ഉടമയെ കാണാനാണ് തട്ടിപ്പുകാർ പറഞ്ഞത്. ഇതനുസരിച്ച് ആയുർവേദ സ്റ്റോറിലേക്ക് പോയപ്പോൾ വിവിധ രാസവസ്തുക്കൾ കലർത്തിയ ഒരു എണ്ണ തന്നു. വയറ്റിൽ ഒന്നരമാസം പുരട്ടിയാൽ രോഗം മാറുമെന്നും പറഞ്ഞു. സ്വർണം കലർത്തിയ മരുന്നാണെന്നും 5.4 ലക്ഷം രൂപ വേണമെന്നും തട്ടിപ്പുകാർ പറഞ്ഞു.
പാർശ്വഫലങ്ങൾ ഉണ്ടായാൽ പണം മടക്കിതരാം എന്ന ഉറപ്പിൽ ചെക്കുകൾ നൽകി. എന്നാൽ മരുന്ന് ഉപയോഗിച്ച് മൂന്നാം ദിവസം അണുബാധ ഉണ്ടായി. ഡോക്ടറെ അറിയിച്ചപ്പോൾ മരുന്ന് പുരട്ടരുതെന്ന് പറഞ്ഞു. തട്ടിപ്പുകാരെ വിളിച്ചപ്പോൾ രണ്ട് ദിവസത്തിനകം പണം മടക്കിതരാമെന്ന് പറഞ്ഞു. എന്നാൽ ആയുർവേദ മരുന്ന് ഷാപ്പിലെത്തിയപ്പോൾ കട അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post