മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. അതിവേഗം കേസെടുത്താൽ ബിജെപിയുമായുള്ള ഡീൽ എന്ന ആക്ഷേപം സിപിഎം ഉയർത്തുമെന്നത് സർക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. സിപിഎം തിരുത്തലിലേക്ക് നീങ്ങുന്നതിനിടെയുള്ള ഇഡി നീക്കം പിണറായിക്ക് വലിയ അഗ്നിപരീക്ഷയായി മാറിയിരിക്കുകയാണ്. എന്നാൽ ഈ നീക്കത്തെ രാഷ്ട്രീയപ്രേരിത നടപടിയായി കണ്ട് ശക്തമായ പ്രതിരോധം തീർക്കാനാണ് സിപിഎം തീരുമാനം. പിണറായിയുടെ കൈകൾ ശുദ്ധമല്ലെന്നാണ് ഇഡി ആരോപിക്കുന്നത്.
പലതരം അഴിമതിക്കേസുകൾ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടെങ്കിലും, മുൻ മുഖ്യ മന്ത്രിക്കും നിലവിലെ പ്രതിപക്ഷ നേതാവിനുമെതിരായ ഇഡി കണ്ടെത്തൽ അസാധാരണമാണ്. മാസപ്പടിയുടെ നാൾവഴികളിൽ തുടക്കം മുതൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച യുഡിഎഫ് കോർട്ടിൽ പന്തെത്തുമ്പോൾ സർക്കാരിന് മുന്നിൽ വെല്ലുവിളികളേറെയാണ്. ഇഡി കണ്ടെത്തൽ പ്രകാരം ഉടൻ കേസെടുത്താൽ ബിജെപി-യുഡിഎഫ് ഡീൽ ആരോപണം സിപിഎം കടുപ്പിക്കും. അതേസമയം, കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കും വരെ കാത്തിരുന്നാൽ, ഇതുവരെ എതിർത്ത പിണറായിക്ക് സർക്കാർ സംരക്ഷണം നൽകിയെന്ന ആക്ഷേപം കേൾക്കേണ്ടി വരും.
അതുകൊണ്ട് തന്നെ നിയമോപദേശം തേടി, രാഷ്ട്രീയ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. രാഷ്ട്രീയമേൽക്കെക്കുള്ള അവസരം കളയേണ്ടെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. ഇഡിയുടെ കത്തിൽ ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്. ഡിജിപിയുമായി സംസാരിച്ചുവെന്നും കത്ത് കിട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും, ഇതിൽ ആലോചിച്ച് നിയമപരമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാസപ്പടി കേസിൽ ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. സമ്മതിച്ച കാര്യങ്ങൾ തെളിയിക്കേണ്ടതില്ലെന്നും, എത്ര പറഞ്ഞാലും ന്യായീകരിച്ചാലും വസ്തുതകൾ ഒന്നുമില്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








