ഇന്ത്യൻ വ്യോമസേനയുടെ ആധുനിക പോരാട്ട വീര്യവും ഡ്രോൺ സാങ്കേതികവിദ്യയിലെ മികവും പ്രദർശിപ്പിക്കുന്ന ”ഡ്രോണത്തോൺ 2026′ രാജസ്ഥാനിലെ ജെയ്സാൽമീറിലുള്ള പോഖ്റാൻ ഫയറിംഗ് റേഞ്ചിൽ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14 മുതൽ 16 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ വൻകിട പ്രതിരോധ പരിപാടിയിൽ രാജ്യത്തെ പ്രമുഖ പ്രതിരോധ ഉൽപ്പാദകരും സ്റ്റാർട്ടപ്പുകളും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകൾ അണിനിരത്തും. ആളില്ലാ വിമാന സംവിധാനങ്ങളും ശത്രുക്കളുടെ ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ള ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും ഒരേ സമയം പ്രദർശിപ്പിക്കാനുള്ള വലിയൊരു വേദിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.
യുദ്ധരംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യകളുടെ പ്രവർത്തനക്ഷമതയും യുദ്ധശേഷിയും നേരിട്ട് വിലയിരുത്താൻ ഡ്രോണാഥണിലൂടെ വ്യോമസേനയ്ക്ക് സാധിക്കും. തത്സമയ നിരീക്ഷണ സംവിധാനങ്ങൾ, സ്വയം നിയന്ത്രിത ഡ്രോൺ പ്രവർത്തനങ്ങൾ, കൂട്ടത്തോടെ ആക്രമണം നടത്തുന്ന സ്വാം ഡ്രോൺ സാങ്കേതികവിദ്യ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ എന്നിവയുടെ തത്സമയ പ്രദർശനങ്ങൾ പോഖ്റാനിൽ നടക്കും. കൂടാതെ ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ലോങ് റേഞ്ച് ഡ്രോണുകളുടെയും അതീവ ഉയരമുള്ള മേഖലകളിൽ സാധനങ്ങളും മരുന്നുകളും എത്തിക്കാൻ സഹായിക്കുന്ന ഡ്രോണുകളുടെയും ശേഷിയും ഇവിടെ പരിശോധിക്കപ്പെടും.
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആത്മനിർഭർ ഭാരത് ദൗത്യത്തിന് വലിയ ഊർജ്ജം നൽകുന്നതാണ് വ്യോമസേനയുടെ ഈ പുതിയ ചുവടുവെപ്പ്. ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന ഈ പരിപാടി ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സേനയെ കൂടുതൽ പ്രാപ്തമാക്കും. അത്യാധുനിക സാങ്കേതികവിദ്യകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തമാക്കുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാരും വ്യോമസേനയും ലക്ഷ്യമിടുന്നത്.








