ഇന്ത്യയിലും മ്യാൻമറിലും പ്രവർത്തിക്കുന്ന വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ പരിശീലനവും സാങ്കേതിക സഹായവും നൽകിയ കേസിൽ അറസ്റ്റിലായ വിദേശ പൗരന്മാർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻ ഡൈക്, ആറ് യുക്രൈൻ പൗരന്മാർ എന്നിവർക്കെതിരെയാണ് ഡൽഹിയിലെ പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം നൽകിയത്. 2025 ഡിസംബറിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ മതിയായ പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റില്ലാതെ മിസോറാം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടക്കുകയും വിക്ടോറിയ ക്യാമ്പിൽ വെച്ച് ആയുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകുകയും ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനും കെയർഫ്രീ ട്രാവൽ നിബന്ധനകൾ ലംഘിച്ചതിനും ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിലെ 21, 23 എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ പ്രതികൾക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടുള്ളത്. അറസ്റ്റിന്റെ പ്രാരംഭ ഘട്ടത്തിൽ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തൽക്കാലം ഈ വകുപ്പ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡ്രോണുകളും അനുബന്ധ സാമഗ്രികളും വൻതോതിൽ ഇറക്കുമതി ചെയ്തതിനെക്കുറിച്ചും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടന്നു വരികയാണെന്നും അതിനാൽ യുഎപിഎ കുറ്റങ്ങൾ സ്ഥിരീകരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഏജൻസി കോടതിയെ അറിയിച്ചു.
മ്യാൻമറിൽ നിന്ന് അനധികൃത മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രതികളെ കഴിഞ്ഞ മാർച്ച് മാസത്തിലാണ് കൊൽക്കത്ത, ലഖ്‌നൗ, ഡൽഹി വിമാനത്താവളങ്ങളിൽ നിന്നായി എൻഐഎ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ഐക്യം, സമഗ്രത, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വലിയ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ബിഎൻഎസ്എസ് നിയമപ്രകാരം ഏജൻസി അനുമതി തേടിയിട്ടുണ്ട്. കേസിന്റെ തുടർനടപടികൾക്കായി പ്രത്യേക കോടതി കേസ് ഒക്ടോബർ ഒന്നിലേക്ക് മാറ്റി.








