ന്യൂഡൽഹി: രാഷ്ട്രപതി ആതിഥേയത്വം വഹിക്കുന്ന ജി20 അത്താഴ വിരുന്നിൽ പങ്കെടുക്കാനുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുശീൽ മോദി. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ചുകൊണ്ടുള്ള നിതീഷ് കുമാറിന്റെ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള നല്ല തുടക്കമാണെന്നും ഈ പ്രവണത തുടരണമെന്നും സുശീൽ മോദി പറയുന്നു.
” രാജ്യത്തിന്റെ പ്രധാനമന്ത്രി വിളിച്ച യോഗങ്ങൾ മുഖ്യമന്ത്രിമാർ ഒഴിവാക്കുന്നത് തീർത്തും മോശമായ കാര്യമാണ്.രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകും. പക്ഷേ അത് ഇത്തരം സാഹചര്യങ്ങളിൽ അല്ല പ്രകടിപ്പിക്കേണ്ടത്. നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്നുള്ള നല്ലൊരു തുടക്കമാണിത്. അദ്ദേഹം ഈ പ്രവണത തുടരണമെന്നും” സുശീൽ മോദി പറയുന്നു.
ഇന്ന് രാത്രി ഭാരത് മണ്ഡപത്തിൽ നടക്കുന്ന അത്താഴ വിരുന്നിൽ വിവിധ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യത്തെ പ്രതിനിധികൾ, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരും അത്താഴവിരുന്നിലെ ക്ഷണിതാക്കളാണ്.









