ഡല്‍ഹി:ഡല്‍ഹിയില്‍ ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അരവിന്ദ് കെജ്രിവാളിനൊപ്പം 6 മന്ത്രിമാര്‍ കൂടി ചുമതലയേല്‍ക്കും ഇതില്‍ നാല് പേര് പുതുമുഖങ്ങളാണ്. പുതിയ മന്ത്രിസഭയില്‍ വനിതകളില്ല. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയായും മനോജ് സിസോദിയയെ ഉപമുഖ്യമന്ത്രിയായും നേരത്തെ തന്നെ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു.
ഡല്‍ഹി രാംലീല മൈതാനത്താണ് എ.എ.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക.ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകരെ മൈതാനത്തിലെത്തിച്ച് ശക്തി തെളിയിക്കാനാണ് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നത്.കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ച അതേദിവസം തന്നെയാണ് പുതിയ എഎപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
മന്ത്രിമാരുടെ അന്തിമപട്ടിക ലഫ് ഗവര്‍ണര്‍ നജീബ്ജംഗിന് അയച്ചു.പഴയ മന്ത്രിസഭയിലെ ഭൂരിഭാഗം പേരെയും നിലനിര്‍ത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്.എന്നാല്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന മനീഷ് സിസോദിയ,ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്ര ജയിന് എന്നിവരെ മാത്രമെ നിലനിര്‍ത്തിയിട്ടുള്ളു. രാഖി ബിര്‍ള,സോംനാഥ് ഭാരതി,സൗരഭ് ഭരദ്വാജ്,ഗിരീഷ് സോണി എന്നിവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗോപാല്‍ റേ , ജിതേന്ദ്ര തോമര്‍ , സന്ദീപ് കുമാര്‍ , അസിം അഹമ്മദ് ഖാന് എന്നീ 4 പുതുമുഖങ്ങള്‍ പട്ടികയിലുണ്ട്. 6 വനിതാ എംഎല്‍മാര്‍ ഉണ്ടെങ്കിലും ആദ്യപട്ടികയില്‍ ആരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് രാംനിവാസ് ഗോയലിനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് എഎപിയുടെ വനിതാ വിഭാഗം നേതാവ് ബന്ദനകുമാരിയെയുമാണ് പരിഗണിക്കുന്നത് . മന്ത്രിസഭാരൂപീകരണം സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും വിവാദം ഒഴിവാക്കണമെന്നുമാണ് എഎപി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post