ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറിയിലെ ഹാത്‌ലംഗ എന്ന പ്രദേശത്താണ് സംഘര്‍ഷം ആരംഭിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെ മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ സഹായത്തൊടെയാണ് ഇവര്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ രണ്ട് പേരെ വധിക്കാന്‍ സൈന്യത്തിനായി. ഏറ്റുമുട്ടലില്‍ മൂന്നാമത്തെ ഭീകരനും പരിക്കേല്‍ക്കുകയും ഇയാള്‍ക്കായി ശക്തമായ തിരച്ചില്‍ നടത്തുകയുമായിരുന്നു. എന്നാല്‍ ഇയാളെയും വധിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് എക്‌സിലൂടെ അറിയിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത്. ഇവര്‍ ഒളിച്ചിരിക്കുന്നയിടം സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ സേനയുടെ ശക്തമായ പ്രതിരോധത്തില്‍ ഭീകരര്‍ക്ക് അധിക നേരം പിടിച്ച നില്‍ക്കാനായില്ല.
കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് രണ്ടോ മൂന്നോ ഭീകരര്‍ കൂടി ഉണ്ടെന്നാണ് കണക്കാക്കുന്നതെന്ന് കശ്മീര്‍ എഡിജിപി വെള്ളിയാഴ്ച പറഞ്ഞു.
Discussion about this post