തിരുവനന്തപുരം : നിയമസഭാ കൈയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ്സ് എം എൽ എ മാർക്കെതിരെ കേസെടുക്കാൻ തീരുമാനമായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണ് കേസെടുക്കുന്നത്. തുടരന്വേഷണത്തിൽ പുതിയ പ്രതികളെ ആരെയും ഉൾപ്പെടുത്തേണ്ടെന്നാണ് പുതിയ തീരുമാനം.
ക്രൈം ബ്രാഞ്ച് ഡി ജി പി യ്ക്കാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത്. ശിവദാസൻ നായർ, എംഎ വാഹിദ് തുടങ്ങിയവരെല്ലാം പുതിയ കേസിൽ പ്രതികളാകും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസ് എടുക്കുന്നത്. ജമീല പ്രകാശത്തെ തടഞ്ഞു വെച്ച് കൈയ്യേറ്റം ചെയ്തതിനാണ് ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെ കേസ് എടുക്കുക.ഏഴ് വർഷങ്ങളായി ഇടതു നേതാക്കൾ മാത്രം ഉണ്ടായിരുന്ന കേസിലാണ് മുൻ കോൺഗ്രസ്സ് എം എൽ എ മാരെ കൂടി പ്രതി ചേർത്തിരിക്കുന്നത്.
മുൻ കോൺഗ്രസ്സ് എം എൽ എമാരെ പ്രതി ചേർത്തായിരുന്നു അന്വേഷണ സംഘം ക്രൈം ബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചത് . ഈ കേസിൽ നിയമോപദേശം തേടിയതിനെ തുടർന്നാണ് പ്രത്യേക കേസ് എടുക്കാൻ തീരുമാനമായത്. പുതിയ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിയിൽ സമർപ്പിക്കാനുള്ള അവസാന തീയതിയായ സെപ്റ്റംബർ 21 ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും.
Discussion about this post