കോട്ടയം : തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് അജയൻ മാപ്പ് പറഞ്ഞു. ബസ് ഉടമ രാജ് മോഹനോടും കോടതിയോടും സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. തുറന്ന കോടതിയിലാണ് സിഐടിയു നേതാവ് മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞതിനാൽ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.
മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് ബസ് ഉടമയായ രാജ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മാപ്പ് പറഞ്ഞതിനാൽ കേസ് തീർപ്പാക്കുകയായിരുന്നു.
ബസ് ഉടമയുമായി ബന്ധപ്പെട്ട് നിലവിൽ ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ കോടതിയലക്ഷ്യ നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് അജയൻ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവിനെ അറിഞ്ഞുകൊണ്ട് ധിക്കരിച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കോടതിയലക്ഷ്യ കേസിൽ മോട്ടോർ മെക്കാനിക്ക് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അങ്ങനെയൊരു സംഘടനയുടെ ഭാരവാഹിയല്ല താൻ എന്നാണ് അജയന്റെ വാദം.നിലവിൽ തിരുവാർപ്പ് പഞ്ചായത്തിലെ അംഗമാണ് താൻ എന്നാണ് അജയൻ വ്യക്തമാക്കിയത്. ഉത്തരവ് നിലനിൽക്കെ ബസ് ഉടമ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി ആരംഭിച്ചത്.
ബസിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് വെട്ടിക്കുളങ്ങര ബസിന് മുന്നിൽ സിഐടിയു സമരം ആരംഭിച്ചത്. സമരം തുടങ്ങിയതോടെ ആഴ്ചകളോളം ബസ് സർവീസ് മുടങ്ങി . സർവീസ് മുടങ്ങിയതിനാൽ ബസുടമയായ രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വിൽപ്പന ആരംഭിച്ചു . പിന്നീട് രാജ്മോഹൻ കോടതിയെ സമീപിച്ച് സർവീസ് നടത്താൻ അനുമതി വാങ്ങി. പോലീസ് സാന്നിധ്യത്തിൽ ബസിൽ കെട്ടിയിരുന്ന സിഐടിയുവിന്റെ കൊടികൾ അഴിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സിഐടിയു നേതാവായ അജയൻ രാജ്മോഹനെ
അക്രമിക്കുകയായിരുന്നു.
Discussion about this post