ബദൗണ്‍: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിക്ക് ജന്മനാട്ടില് സ്ഥാനമില്ലെന്ന് വ്യക്തമാക്കി ഗ്രാമവാസികള്‍ രംഗത്ത്. ഇയാള്‍ തങ്ങളുടെ സാമൂഹിക ജീവിതത്തില്‍ മാറാത്ത ചീത്തപ്പേരുണ്ടാക്കിയെന്ന ആരോപണവുമായി ഉത്തര്‍പ്രദേശിലെ ബദൗണ്‍ ഗ്രാമമാണ് മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്.
ഗ്രാമത്തിന് മാത്രമല്ല രാജ്യത്തിനും വലിയ മാനക്കേടാണ് ഈ യുവാവ് വരുത്തിവെച്ചതെന്ന് ബദൗണിലെ മുതിര്‍ന്ന പൗരന് ഫൂല്ചന്ദ്ര പറയുന്നു. ഈ ചീത്തപ്പേരുകൊണ്ട് മാത്രം ചിലര്‍ക്കൊക്കെ ജോലി നിഷേധിക്കപ്പെട്ടു. വിവാഹാലോചനകള്‍ പോലും മുടങ്ങി അദ്ദേഹം പറയുന്നു.
അതേ സമയം കുടുംബത്തിന് താങ്ങായി മകന് തിരിച്ചെത്തണമെന്ന ആഗ്രഹം അമ്മ പ്രകടിപ്പിച്ചു. കുറ്റംചെയ്തതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ലെങ്കിലും തങ്ങളെ കഷ്ടപ്പാടില്‍ നിന്നും രക്ഷിക്കണമെങ്കില്‍ ഇയാള്‍ തിരിച്ചെത്തണമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കടുത്ത ദാരിദ്ര്യത്തിലാണ് കുടുംബം, അഛന് ബുദ്ധിമാന്ദ്യമുണ്ട്. കുടുംബം പുലര്‍ത്തുന്നത് രണ്ട് പെണ്‍കുട്ടികള്‍ കൂലിപ്പണിക്കു പോകുന്നതുകൊണ്ടാണ്. അതുകൊണ്ടു തന്നെ മകന് തിരിച്ചുവന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇയാളുടെ അമ്മ പറയുന്നു.
പ്രായപൂര്‍ത്തിയായെന്ന കാരണത്താല്‍ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാളെ വെറുതെ വിടുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ മോചനത്തിനെതിരെയുള്ള ഹര്‍ജി കോടതി തള്ളിയത്. ജ്യോതി സിംഗിന്റെ അമ്മയും അച്ഛനും ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ പ്രതിഷേധവുമായി രംഗത്തുവന്നു. ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം കുറ്റവാളിയുടെ മോചനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താലാണ് കടുത്ത ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നു വര്‍ഷം ജുവനൈല്‍ ഹോമിലെ വാസമായി ശിക്ഷ ചുരുങ്ങിയത്. അതേസമയം വിദ്യാര്‍ത്ഥിനിയെ ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്തത് ഇയാളാണെന്ന് തെളിഞ്ഞിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കുട്ടിക്കുറ്റവാളി പുറത്ത് ഇറങ്ങേണ്ടത് ഞായറാഴ്ചയാണ്. പ്രതിഷേധം കടുത്തതോടെ ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post