ഡല്‍ഹി: കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിലൂടെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണെന്ന് ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ മരിച്ച ജ്യോതി സിംഗിന്റെ അമ്മ ആശാദേവി. ഇതുതന്നെയാകും വിധിയെന്ന് തനിക്ക് അറിയാമായിരുന്നു. ജ്യോതിക്ക് വീണ്ടും നീതി നിഷേധിക്കപ്പെട്ടു. സ്ത്രീ സുരക്ഷ പ്രസംഗത്തില്‍ മാത്രമാണുള്ളത്. നിയമത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്നും അവര്‍ പറഞ്ഞു.
നിമയം മാറ്റാനാവില്ലെന്നാണ് കോടതി പറയുന്നത്. നിയമം മാറ്റാന്‍ വേണ്ടി ഇനി എത്ര ‘നിര്‍ഭയമാര്‍’ ഉണ്ടാവണമെന്നും ആശ ചോദിച്ചു. ജനങ്ങളുടെ ആശങ്കയെ കുറിച്ച് കോടതിക്ക് യാതൊരു ബോദ്ധ്യവുമില്ലെന്ന് ജ്യോതിയുടെ അച്ഛന് ബദ്രി സിംഗ് പാണ്ഡേ പറഞ്ഞു.
അതേ സമയം ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയാന്‍ വിസമ്മതിച്ച സുപ്രീംകോടതിയുടെ വിധിയില്‍ ഡല്‍ഹി വനിതാ കമ്മിഷന് നിരാശ രേഖപ്പെടുത്തി. രാജ്യത്തെ സ്ത്രീകള്‍ക്ക് മുഴുവന്‍ കറുത്ത ദിനമണിന്നെന്ന് കമ്മിഷന് അദ്ധ്യക്ഷ സ്വാതി മലിവാല്‍ പറഞ്ഞു. ബാലനീതി നിയമം ഭേദഗതി ചെയ്യുന്നത് രാജ്യസഭയില്‍ പാസാകാതെ കിടക്കുന്നതിലൂടെ രാജ്യം ചതിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ ഇനി വേണ്ടത് മെഴുകുതിരി മാര്ച്ചുകളല്ല, ടോര്‍ച്ചുകളാണ്. ഞാന്‍ ഉയര്‍ത്തിയ ആശങ്കകള്‍ സുപ്രീംകോടതി അംഗീകരിച്ചു. എന്നാല്‍, നിലവിലെ നിയമം മാറ്റാന്‍ വകുപ്പില്ല എന്നാണ് കോടതി പറഞ്ഞതെന്നും മലിവാല്‍ പറഞ്ഞു.
Discussion about this post