കോഴിക്കോട്: വടകരയിൽ വള്ളം മറിഞ്ഞ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദി ദേവ് (17) , ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഇവരുടെ സുഹൃത്ത് അഭിമന്യു രക്ഷപ്പെട്ടു. വൈകീട്ടോടെയായിരുന്നു സംഭവം.
മീൻ പിടിക്കാനായി പോയതായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്. ഫെബർ വള്ളത്തിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. മീൻ പിടിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. ഇവർ ഉണ്ടായിരുന്ന സ്ഥലത്ത് പായൽ ആയിരുന്നു. വെള്ളത്തിൽ വീണ ആദി ദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. അഭിമന്യു നീന്തി കരയ്ക്കെത്തി. അഭിമന്യു അറിയിച്ചത് പ്രകാരമാണ് നാട്ടുകാർ സ്ഥലത്ത് എത്തിയത്.
ഉടനെ തന്നെ ഇവരെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആദിദേവിന്റേയും ആദി കൃഷ്ണന്റേയും മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Discussion about this post