ബാന്ധാ: വീടിനുള്ളില്‍ കയറിയ പാമ്പിനെ ചാണകം ഉപയോഗിച്ച് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം കൊണ്ടെത്തിച്ചത് വന്‍ ദുരന്തത്തില്‍. ശ്രമം പാളിയതോടെ വീട് മുഴുവൻ കത്തി നശിക്കുകയാണ് ഉണ്ടായത്. ഉത്തര്‍ പ്രദേശിലെ ബാന്ധായിലാണ് സംഭവം. ഡൽഹിയിൽ ജോലി ചെയ്തിരുന്ന രാജ്കുമാറിന്റെ വീടാണ് കത്തി നശിച്ചത്. രാവിലെയോടെയാണ് രാജ്കുമാറിന്റെ വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഇതോടെ പാമ്പിനെ തുരത്താൻ ചാണകം ഉപയോഗിച്ച് പുകയുണ്ടാക്കുകയായിരുന്നു. എന്നാൽ, പുകയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും സ്വര്‍ണവം പണവും അടക്കമുള്ളവ കത്തി നശിച്ചു. രാജ്കുമാറിന്റെ ഭാര്യയും അഞ്ച് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കാര്‍ഷിക വൃത്തിയില്‍ സജീവമായിരുന്ന ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങൾ മുഴുവൻ കത്തിയമർന്നു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും വീട് കത്തി നശിച്ചിരുന്നു. സംഭവിച്ച നഷ്ടത്തിന്റെ കണക്കെടുക്കുകയാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. സംഭവം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post