അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ

Published by
Brave India Desk

ന്യൂഡൽഹി; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനെ തുടർന്ന് പ്രൈമറി സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വ്യാഴാഴ്ച രാത്രിയോടെ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കുളളിൽ മലിനീകരണതോത് വീണ്ടും ഉയരുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഡൽഹിയിലും പരിസരത്തുമുളള 37 നിരീക്ഷണ സ്റ്റേഷനുകളിൽ 20 ഇടങ്ങളിൽ നിന്നുളള റിപ്പോർട്ടുകളിൽ അന്തരീക്ഷ മലിനീകരണം അപകടകരമെന്നാണ് രേഖപ്പെടുത്തിയിട്ടുളളത്.

അനന്ത് വിഹാർ, ജഹാംഗിർപുരി, ദ്വാരക, നജാഫ്ഘട്ട്, നരേല തുടങ്ങിയ ഇടങ്ങളിലെല്ലാം വായുമലിനീകരണ തോത് 400 ന് മുകളിലാണ്. അനന്ത് വിഹാർ, ബവാന, ദ്വാരക സെക്ടർ തുടങ്ങിയ ഇടങ്ങളിൽ 450 വരെ മലിനീകരണതോത് ഉയർന്നു.

അന്തരീക്ഷ മലിനീകരണം ഉയർന്നതിനെ തുടർന്ന് ഡൽഹി എൻസിആറിലെ അത്യാവശ്യമല്ലാത്ത നിർമാണജോലികൾ നിർത്തിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്കും വിലക്കുണ്ട്. അന്തരീക്ഷ മലിനീകരണം ഉയർന്നാൽ സ്വീകരിക്കാൻ തയ്യാറാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ മൂന്നാം ഘട്ടം അനുസരിച്ചാണ് ഈ നടപടികൾക്ക് നിർദ്ദേശം നൽകിയത്.

Share
Leave a Comment

Recent News