ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. എല്ലാ സ്ഥാനാർത്ഥികളും തങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ്. എന്നാൽ ചത്തീസ്ഗഡിലെ കോണ്ഡ മണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥി കൈയ്യിൽ നല്ല ‘ എസി’ ഉണ്ടായിട്ടും വെട്ടിവിയർക്കുകയാണ്. സിപിഐ സ്ഥാനാർത്ഥിയും പാർട്ടി സെക്രട്ടറിയുമായ മനീഷ് കുഞ്ചാമാണ് ഈ ഹതഭാഗ്യൻ. പട്ടികവർഗ സംവരണ മണ്ഡലമായ കോണ്ഡയിലെ സ്ഥാനാർത്ഥിയായ മനീഷിന്റെ ചിഹ്നമാണ് എയർ കണ്ടീഷണർ.
വോട്ട് ഉറപ്പാക്കാനായി എന്തെങ്കിലും സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പാർട്ടി ചിഹ്നം പരിചയപ്പെടുത്താനേ മനീഷിന് സമയം തികയുന്നുള്ളൂ. ഈ മണ്ഡലത്തിൽനിന്ന് ഇത് ഏഴാം തവണയാണു മത്സരിക്കുന്നതെങ്കിലും പാർട്ടി ചിഹ്നമില്ലാതെ ഇത് ആദ്യമാണ്. ദേശീയ പദവി നഷ്ടപ്പെട്ട പാർട്ടി സ്വന്തം ചിഹ്നത്തിനായി സമയത്തു കത്തു നൽകാതിരുന്നതാണു ചിഹ്നം നഷ്ടപ്പെടാൻ കാരണം. ഗ്രാമത്തിലെ ഭൂരിഭാഗം പേരും എസി ഇത് വരെ കണ്ടിട്ട് കൂടി ഇല്ലാത്ത് കാരണം ചിഹ്നം എന്താണെന്ന് പറഞ്ഞ് മനസിലാക്കേണ്ട ഗതികേടിലാണ് സ്ഥാനാർത്ഥി
മദ്ധ്യപ്രദേശ് വിഭജിക്കും മുൻപ് കോണ്ട മണ്ഡലത്തിൽനിന്ന് 1990 മുതൽ 98 വരെ എംഎൽഎ ആയിരുന്നു മനീഷ് കുഞ്ചാം. 1998 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2003 ലും 2013 ലും 2018 ലും മത്സരിച്ചെങ്കിലും കോൺഗ്രസിലെ കവാസി ലക്ഷ്മയാണു വിജയിച്ചത്. വ്യവസായ മന്ത്രിയായ കവാസി തന്നെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി. സോയം മുക ആണ് ബിജെപി സ്ഥാനാർഥി.












