ബംഗളൂരു : ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ്. വനം വകുപ്പ് ജീവനക്കാരും വേട്ട സംഘത്തിൽ പെട്ടവരും തമ്മിലാണ് വെടിവെപ്പ് നടന്നത്. വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് വേട്ട സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ചാമരാജനഗർ ജില്ലയിൽ വേട്ടക്കാരെന്ന് സംശയിക്കുന്ന സംഘത്തിന് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. വനപാലകരെ കണ്ട വേട്ടക്കാർ ആണ് ആദ്യം വെടിവെപ്പ് ആരംഭിച്ചതെന്നും സ്വയരക്ഷയ്ക്കായി തിരിച്ചു വെടിവയ്ക്കുകയായിരുന്നു എന്നുമാണ് വനം വകുപ്പ് അറിയിക്കുന്നത്.
ഭീമനബിഡു ഗ്രാമവാസിയായ മധു എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. രാത്രി വനത്തിൽ നിന്നും വെടിയൊച്ച കേട്ട് നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിക്കുന്നത്. തുടർന്ന് വനപാലകർ നടത്തിയ തിരച്ചിലിൽ വേട്ട സംഘത്തെ കണ്ടെത്തുകയായിരുന്നു. വനപാലകരെ കണ്ടതോടെ വേട്ടസംഘം ഇവർക്ക് നേരെ വെടിയുതിർത്തു. വനപാലകർ തിരിച്ചു വെടിവെച്ചപ്പോഴാണ് വേട്ടക്കാരുടെ സംഘത്തിലെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തിന് സമീപത്തു നിന്നും വേട്ടക്കാർ വെടിവച്ച് വീഴ്ത്തിയ ഒരു മാനിനേയും കണ്ടെത്തിയിട്ടുണ്ട്.








