ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സർ മുതൽ പശ്ചിമ ബംഗാളിലെ പൂർണിയ വരെയുള്ള ഇന്തോ-ഗംഗാ സമതലങ്ങളിൽ വായു ഗുണനിലവാര പ്രതിസന്ധി രൂക്ഷമായി. ഈ മേഖലയിൽ താമസിക്കുന്ന രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് വായുമലിനീകരണം മൂലം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ഇന്തോ-ഗംഗാ സമതലങ്ങൾ മുഴുവൻ മൂടിയ പുകമഞ്ഞിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു.
ശ്രീ ഗംഗാനഗർ (AQI — 310), ചുരു (308), ഭരത്പൂർ (319), ഭിവാദി (433), ധോൽപൂർ (357), രാജസ്ഥാനിലെ ഹനുമാൻഗഡ്; ഹരിയാനയിലെ ഫരീദാബാദ് (412), ഫത്തേഹാബാദ് (422), ജിന്ദ് (381), ഹിസാർ (377), ഭിവാനി (335), സോനിപത് (417), ഗുരുഗ്രാം (373) എന്നിവിടങ്ങളിൽ തിങ്കളാഴ്ച അപകടകരമായ രീതിയിലുള്ള വായു മലിനീകരണ തോത് രേഖപ്പെടുത്തി.
അടുത്ത കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർ വയലുകൾ വേഗത്തിൽ തയ്യാറാക്കുന്നതിനായി കൊയ്തശേഷം നിലത്തിലെ അവശേഷിക്കുന്ന വസ്തുക്കൾ കത്തിക്കാറുണ്ട്. ഇത് പഞ്ചാബിലെ വായുവിന്റെ ഗുണനിലവാരം വലിയതോതിൽ താഴാൻ കാരണമായി. അമൃത്സർ (316), ഭട്ടിൻഡ (288), ജലന്ധർ (222), ഖന്ന (225), ലുധിയാന (282), മാണ്ഡി ഗോബിന്ദ്ഗഡ് (256) എന്നീ മേഖലകളിൽ വളരെ മോശം വായു ഗുണനിലവാരം രേഖപ്പെടുത്തി.
ഉത്തർപ്രദേശിലെ ഗാസിയാബാദ് (391), ഗ്രേറ്റർ നോയിഡ (420), മീററ്റ് (354), ബുലന്ദ്ഷഹർ (243), ഹാപൂർ (332), ലഖ്‌നൗ (251), മുസാഫർനഗർ (340), നോയിഡ (384) എന്നിവിടങ്ങളിൽ അപകടകരമായ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തു. ബീഹാറിലെ പട്‌ന (265), അറാഹ് (276), രാജ്ഗിർ (312), സഹർസ (306), സമസ്തിപൂർ (276), കിഷൻഗഞ്ച് (249) എന്നിവിടങ്ങളിലും ജാർഖണ്ഡിലെ ധൻബാദ് (255), പശ്ചിമ ബംഗാളിലെ അസൻസോൾ (215) എന്നീ മേഖലകളിലും അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് രേഖപ്പെടുത്തി. കൂടാതെ, അസമിലെ ബൈർനിഹാത്ത് (293), ത്രിപുരയിലെ അഗർത്തല (224) തുടങ്ങിയ നഗരങ്ങളിലും വായു ഗുണനിലവാരം കുറഞ്ഞു.
മധ്യപ്രദേശിലെ ഗ്വാളിയോർ (286), കട്നി (216), ഇൻഡോർ (214), നവി മുംബൈ (261), ഉല്ലാസ്നഗർ (269) മഹാരാഷ്ട്രയിലെ അങ്കലേശ്വർ (269) എന്നിവയുൾപ്പെടെ മധ്യ, പടിഞ്ഞാറൻ, കിഴക്കൻ ഇന്ത്യയുടെ ഭാഗങ്ങളിലും ഗുജറാത്തിലെ 216, ഒഡീഷയിലെ അംഗുൽ (242) എന്നിവിടങ്ങളിലും ഇതേ രീതിയിൽ ഗുരുതരമായ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിളവെടുപ്പിന് ശേഷമുള്ള നിലം കത്തിക്കൽ എന്നിവ ഇന്തോ-ഗംഗാ സമതലങ്ങളിൽ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. അതേസമയം, വ്യവസായങ്ങൾ, വാഹനങ്ങൾ, പൊടി മലിനീകരണം, തുടങ്ങിയ പ്രാദേശിക ഘടകങ്ങളാണ് ഇന്ത്യയിലെ മറ്റു പല പ്രദേശത്തെ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നത്.
Discussion about this post