ന്യൂഡൽഹി : ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം കഴിഞ്ഞ വർഷങ്ങളിൽ വൻ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ വ്യവസായം കഴിഞ്ഞ വർഷങ്ങളിൽ ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിച്ചു. ഇതോടെ മൂല്യത്തിൽ 4-5 മടങ്ങ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വൈകാതെ തന്നെ ഫാർമ വ്യവസായത്തിന് 200 ബില്യൺ ഡോളറിലെത്താൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ 50 ബില്യൺ ഡോളറിന്റെ ഉയർച്ചയാണ് ഫാർമ വ്യവസായം കൈവരിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 2030ഓടെ 200 ബില്യൺ ഡോളറിലെത്താനായേക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കയറ്റുമതി വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം വലിയ ഉയർച്ചയിലേക്ക് ആണ് എത്തുക.
“ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ലോകമാകമാനം ഇനി വരുന്നത് സ്മാർട്ട് മെഡിസിൻ യുഗമാണ്. അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ പുതിയ ചികിത്സാരീതികൾ ഇന്ന് നമുക്കറിയാവുന്ന എല്ലാ പ്രയാസകരമായ അസുഖങ്ങൾക്കും സ്മാർട്ട് തെറാപ്പികൾ നൽകും. ഇന്ത്യയും അതിനായി തയ്യാറെടുക്കുകയാണ്” എന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് സെക്രട്ടറി അരുണീഷ് ചൗള അഭിപ്രായപ്പെട്ടു. ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങൾ ഉൾപ്പെടെ വിവിധ നയപരമായ സംരംഭങ്ങളിലൂടെ കേന്ദ്ര സർക്കാർ വ്യവസായത്തെ മികച്ച രീതിയിൽ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post