ജെറുസലേം: ലഷ്‌കർ ഇ ത്വയ്ബയെ ഭീകര സംഘടനകളുടെ പട്ടികയിൽപ്പെടുത്തി ഇസ്രായേൽ. മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഇസ്രായേലിന്റെ നടപടി. ഇന്ത്യയിലെ ഇസ്രായേൽ എംബസി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും ലഷ്‌കർ ഇ ത്വയ്ബയെ ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് മാതൃകയായി സ്വീകരിച്ചുകൊണ്ടാണ് ലഷ്‌കർ ഇ ത്വയ്ബയെ ഇസ്രായേലും ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരമൊരുകാര്യം ഇന്ത്യ ഒരിക്കലും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഇത് ഇസ്രായേൽ നിർബന്ധമായും ചെയ്യേണ്ടകാര്യമാണ്.
ലഷ്‌കർ ഇ ത്വയ്ബയെ ഭീകര സംഘടനയുടെ പട്ടികയിൽപ്പെടുത്താനുള്ള എല്ലാ ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തിയായി. ഇവരുടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മറ്റുരാജ്യങ്ങൾക്കൊപ്പം പങ്കുചേരും. അമേരിക്കയും യുഎന്നുമെല്ലാം ലഷ്‌കർ ഇ ത്വയ്ബയെ ആഗോള ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയും മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് നീക്കങ്ങൾ നടത്തിവരികയാണ്. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടാമെന്നും ഇസ്രായേൽ എംബസി വ്യക്തമാക്കി.
2008 നവംബർ 26 നായിരുന്നു മുംബൈയിൽ ഭീകരാക്രമണം നടന്നത്. ഇതിൽ 175 പേർ കൊല്ലപ്പെടുകയും, 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post