തൃശൂർ: ഈ വർഷത്തെ ഗുരുവായൂർ ഏകാദശി നാളെ. ഏകാദശികളിൽ ഏറെ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.
ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാൽ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് ഭാഗ്യമെന്നാണ് വിശ്വാസം.
വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം.ദശമി ദിവസം, അതായത് തലേ ദിവസം ഒരിക്കൽ എടുത്തു വേണം വ്രതം ആരംഭിക്കാൻ. ഏകാദശി നാളിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് വിഷ്ണുസഹസ്രനാമം, ഭഗവദ്ഗീത, നാരായണീയം, ഭാഗവതം എന്നിവ പാരായണം ചെയ്യേണ്ടതാണ്. സാധിക്കുമെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അർച്ചനകൾ നടത്തുകയും ചെയ്യുക. ഏകാദശി ദിനം പൂർണമായി ഉപവസിക്കാം.
ഈ ദിനങ്ങളിൽ വിഷ്ണുഗായത്രി മന്ത്രം ജപിക്കുന്നത് നല്ലഫലം നൽകും. അന്നേ ദിവസം അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കണം. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് നല്ല ഫലം നൽകും. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കണം. തുളസിചെടി നനയ്ക്കുകയും തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക.












