കൊല്ലം: ഓയൂരിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണിൽ വിളിച്ച സ്ത്രീ പറഞ്ഞതെന്നാണ് വിവരം.
മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.ഫോൺ കോളിന്റെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്.
അതേസമയം സംസ്ഥാനമാകെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി പോലീസ് പരിശോധിക്കും. കൊല്ലം റൂറൽ എസ്.പി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. എല്ലാ സ്റ്റേഷനുകളിലും പരിശോധനയ്ക്ക് ആർപിഎഫിന് നിർദേശം നൽകി. കുട്ടിയുടെ ചിത്രം സഹിതം സന്ദേശങങ്ങളയച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലേക്കും കൺട്രോൾ റൂമിൽ നിന്ന് നിർദേശം നൽകി.
ഇന്ന് വൈകുന്നേരത്തോടെ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയത്.
വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് ഇവരെത്തിയത്.
ഒരു കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയത്. അന്വേഷണത്തിൽ ഈ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.












