ന്യൂഡൽഹി: ചൈനയിൽ കുട്ടികൾക്കിടയിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. തമിഴ്നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് പ്രത്യേകം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആരോഗ്യസംവിധാനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി.
കർണാടക, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം. ഇതേ തുടർന്ന് സംസ്ഥാനങ്ങൾ ആരോഗ്യസംവിധാനങ്ങൾ ശക്തമാക്കാൻ അധികൃതർക്ക് നിർദ്ദേശവും പൊതുജനനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശവും പുറപ്പെടുവിച്ചു.
വിട്ട് മാറാത്ത പനിയോ പകർച്ചവ്യാധി ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് കർണാടക ആരോഗ്യവകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു. അഞ്ച് മുതൽ ഏഴ് ദിവസം വരെ പനിയുണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ എത്തി ചികിത്സ തേടണം. വിട്ട് മാറാത്ത പനിയുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ ആശുപത്രികളോടും നിർദ്ദേശിച്ചിട്ടുണ്ട്. വയോധികർ, ഗർഭിണികൾ, നവജാത ശിശുക്കൾ എന്നിവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.
ദ്രുദകർമ്മ സേനയോടും ആരോഗ്യപ്രവർത്തകരോടും ജാഗ്രത പാലിക്കാൻ രാജസ്ഥാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾക്കായുള്ള കർമ്മ പദ്ധതി തയ്യാറാക്കണം. പകർവ്വവ്യാധിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം എന്നും നിർദ്ദേശമുണ്ട്.
പനിയുമായി ചികിത്സ തേടുന്നവരെ ചികിത്സിയ്ക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ഉത്തരാഖണ്ഡ് ആരോഗ്യസെക്രട്ടറി ഉത്തരവിട്ടു. ന്യുമോണിയ, വിട്ട് മാറാത്ത പനി എന്നിവയുമായി എത്തുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.
ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post