ന്യൂഡൽഹി: മൈചോങ് ചുഴലിക്കാറ്റിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്റെ ചിന്തകൾ മൈചോങ് ചുഴലിക്കാറ്റിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘എന്റെ ചിന്തകൾ മൈചോങ് ചുഴലിക്കാറ്റിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ്. എന്റെ പ്രാർത്ഥനകൾ മുഴുവനും ദുരന്തത്തിൽ പരിക്കേറ്റവരോടൊപ്പമാണ്. ദുരന്തത്തിൽ പെട്ടവരെ സാഹായിക്കാനായി അധികാരികൾ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. പ്രദേശത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ അവരുടെ ജോലികൾ തുടരും’- അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, തമിഴ്‌നാട്ടിൽ മൈചോങ് ചുഴലിക്കാറ്റ് നാശം വിതച്ചതിനെത്തുടർന്ന്, 5060 കോടി രൂപ അടിയന്തര ഇടക്കാല ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര സംഘത്തെ അയക്കണമെന്നും സ്റ്റാലിൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെ അദ്ദേഹം ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
ഇതിനിടെ, മധ്യതീര ആന്ധ്രാപ്രദേശിൽ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നെയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്നലെ 17 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. ബുധനാഴ്ച ചെന്നൈ പോലീസ് 6 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് മൈചോങ് ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചത്.
Discussion about this post