ആലപ്പുഴ: കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ ശിൽപ്പം തകർത്ത് കുഴിച്ചുമൂടി. അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് മുൻപിലുള്ള തുള്ളൽ ശിൽപ്പമാണ് നശിപ്പിച്ചത്. സാംസ്‌കാരികവകുപ്പിന് കീഴിലാണ് സ്മാരകം ഉള്ളത്.
അമ്പലപ്പുഴ കിഴക്കേ നടയിലെ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശിൽപ്പം തകർത്തത്. ശിൽപ്പികളായ സി. ഹണി, അനീഷ് തകഴി എന്നിവർ ചേർന്നാണ് ശിൽപ്പം നിർമ്മിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ പ്രതിമ നശിപ്പിക്കുന്നതിന് പകരം മറ്റൊരു സ്ഥലത്ത് മാറ്റിസ്ഥാപിക്കാമായിരുന്നുവെന്ന് ഇവർ പ്രതികരിച്ചു.
2015ലാണ് സ്മാരത്തിൽ തുള്ളൽശിൽപ്പം സ്ഥാപിച്ചത്. സ്മാരകത്തിന്റെ ഭംഗി വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു ശിൽപ്പം സ്ഥാപിച്ചത്. ഇത് പൊളിച്ച് നീക്കിയത് കലാകാരന്മാരുടെയും ശിൽപ്പികളുടെയും ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പുതിയ തുള്ളൽ ശിൽപ്പം നിർമ്മിക്കുമെന്ന് കുഞ്ചൻ സ്മാര സമിതി അറിയിച്ചു.
അമ്പലപ്പുഴ കിഴക്കേ നടയിൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് ഓഡിറ്റോറിയത്തിന്റെയും മറ്റ് കെട്ടിടങ്ങളുടെയും നിർമ്മാണം നടന്നുവരികയാണ്. നാലര കോടി രൂപ ചിലവിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ.












