ന്യൂഡൽഹി: ഗ്യാൻവാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേക്ക് വിസമ്മതിച്ചത്.
കൃഷ്ണ ജന്മ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഭൂമി സർവേ നടത്തണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഈ ആവശ്യം അംഗീകരിച്ച് കീഴ് കോടതി വിധി വന്നെങ്കിലും മുസ്ലീം വിഭാഗം ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നല്‍കി. ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ മഥുര കോടതിയിലേയ്ക്ക് മാറ്റാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ മോസ്ക് കമ്മിറ്റി നൽകിയ പ്രത്യേക ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോസ്ക് കമ്മിറ്റി കോടതിയിൽ പരാമർശിച്ചത്.
വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്‌വിഎന്‍ ഭാട്ടിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി സുപ്രീം കോടതിയിൽ ഹാജരായി. വിഷയത്തിൽ ഇടപെടാൻ കോടതിയെ നിര്‍ബന്ധിച്ചപ്പോൾ, ബെഞ്ചിന് മുമ്പാകെ കൊണ്ടുവരാത്ത ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചു. ‘ഓർഡർ എന്റെ മുമ്പിൽ ഇല്ലാതെ ഞാൻ എങ്ങനെ തുടരും’ എന്നാണ് ജഡ്ജി ചോദിച്ചത്. അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്നും ജനുവരി 9ന് തുടർവാദം പുനരാരംഭിക്കുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
ഗ്യാന്‍വാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ചയാണ് അനുമതി നൽകിയത്. മഥുര ഷാഹി ഇദാഹ് മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിനായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി മൂന്നംഗ കമ്മീഷനെയും അലഹബാദ് ഹൈക്കോടതി നിയോഗിച്ചിരുന്നു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. കൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിയിലെ വാദം. ക്ഷേത്രം നിലനിന്ന സ്ഥലത്ത് പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.









