ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന കോടതി വിധിക്കെതിരെ പ്രോസിക്യൂഷന് അടുത്തയാഴ്ച അപ്പീല്‍ നല്‍കും.മേല്‍ക്കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നും തെളിവുകള്‍ ആവശ്യത്തിനുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ അവകാശവാദം. നിലവിലെ വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും. കോടതി വിധിക്കെതിരെ കുടുംബം ഇന്ന് പ്രതിഷേധിച്ചു.
പ്രതി അര്‍ജുനിനെ കുറ്റക്കാരനല്ലെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഇന്ന് രാവിലെ പത്തരയോടെ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. കേസ് സംബന്ധിച്ച ഫയലുകള്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറും.
2021 ജൂണ്‍ 30 നാണ് വീടിനുള്ളില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സമീപവാസിയായ അര്‍ജുനെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ അര്ജുന് കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. പീഡിപ്പിക്കുന്നതിനിടെ കുട്ടി ബോധരഹിതയായെന്നും തുടര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്നും പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, കൊലപാതകം, ബലാത്സഗം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ജുനെ കട്ടപ്പന അതിവേഗ കോടതി കുറ്റ വിമുക്തനാക്കിയത്.
Discussion about this post